കാത്തിരിപ്പുകൾക്ക് അവസാനമായി... കുട്ടികൾക്കുള്ള സ്കിൽ ഒളിമ്പ്യാഡ് നാളെ
text_fieldsദോഹ: കാത്തിരിപ്പുകൾക്ക് അവസാനമായി. കുട്ടികൾക്കായി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന വലിയ കാര്യങ്ങളിലേക്കുള്ള ദിവസമെത്തി. ഖത്തറിലും ജി.സി.സി രാജ്യങ്ങളിലും പുതിയ അനുഭവമായി സംഘടിപ്പിക്കുന്ന ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡി’ന് വെള്ളിയാഴ്ച പകൽ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും. 500ഓളം വിദ്യാർഥികളാണ് വിവിധ സെഷനുകളിലായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
അക്കാദമിക് സിലബസിലെയും സ്കൂൾ ക്ലാസ് മുറികളിലെയും പാഠങ്ങൾക്കപ്പുറം ഓരോ കുട്ടിയും നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരുപിടി അനുഭവങ്ങളുമായാണ് ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ ആദ്യമായി ഖത്തറിൽ അരങ്ങേറുന്നത്. ഹഗ് മെഡിക്കൽ സർവിസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ രാവിലെയും ഉച്ചകഴിഞ്ഞുമായി വിവിധ സെഷനുകൾ അരങ്ങേറും.
നാലു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ വിഷയങ്ങളിലായി പരിശീലനത്തോടെയാണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ് ക്രമീകരിക്കുന്നത്. കെ.ജി ഒന്ന്- കെ.ജി രണ്ട് വിദ്യാർഥികൾക്ക് ഒരു ബാച്ചായും, ഗ്രേഡ് ഒന്ന് മുതൽ മൂന്നുവരെ വിദ്യാർഥികൾക്ക് മറ്റൊരു ബാച്ചായും രാവിലെ 8.30 മുതൽ 11 മണിവരെ പരിപാടികൾ നടക്കും.
ഗ്രേഡ് നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകാർക്കും, ഗ്രേഡ് എട്ട്, ഒമ്പത്, 10 ക്ലാസുകാർക്കും ഉച്ചകഴിഞ്ഞും (രണ്ട് മുതൽ അഞ്ച് വരെ) നടക്കും. വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുസ്സലാം (സൈക്കോളജിസ്റ്റ്, സിജി കരിയർ കൗൺസലർ,) ശ്വേത പണിക്കർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഡോ. സദഫ് ജുനേജോ (ശിശുരോഗ വിദഗ്ധ, അമേരിക്കൻ ഹോസ്പിറ്റൽ), അനു അച്ചാമ്മ വർഗീസ് (സൈക്കോളജി അധ്യാപിക -ഡി.പി.എസ്), ഡോ. ഷഹീമ ഹമീദ് (ലേണിങ് ആൻഡ് ഡെവലപ്മെന്റ് സ്പെഷലിസ്റ്റ്, ആസ്പയർ അക്കാദമി), സരിത റഫീഖ് (മൈൻഡ് ആൻഡ് വെൽനസ് കോച്ച്) എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.
രാവിലെ 8.30ന് തുടങ്ങുന്ന പരിപാടി വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും.
‘‘കുട്ടികളുടെ വളർച്ചയിൽ ലൈഫ് സ്കില്ലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ പോലെയുള്ള ഇത്തരം പരിപാടികളിൽ രക്ഷിതാക്കളും കുട്ടികളും തീർച്ചയായും പങ്കെടുക്കണം. സ്മാർട്ട് ഫോൺ ഉൾപ്പെടെ ഡിജിറ്റൽ അഡിക്ഷനിൽനിന്ന് കുട്ടികൾക്ക് മോചനം ലഭിക്കാൻ ഇത്തരം വേദികളും പരിശീലനവും ഒരുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. കളികളിലൂടെയും മറ്റ് ആക്ടിവിറ്റികളിലൂടെയും കുട്ടികൾക്ക് ലൈഫ് സ്കിൽ പാഠങ്ങൾ പഠിപ്പിക്കുക എന്നത് നല്ല ആശയമാണ്. ഈ അവസരം മാതാപിതാക്കൾ നഷ്ടപ്പെടുത്തരുത്. ഏവരും ഇതിൽ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്’’ - ഡോ. ബിഗേഷ് ഉണ്ണികൃഷ്ണൻ നായർ (കാർഡിയോളജിസ്റ്റ്, അമേരിക്കൻ ഹോസ്പിറ്റൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

