കൊച്ചുകുട്ടികളുടെ വലിയ ലോകത്തേക്ക് സ്വാഗതം
text_fieldsലൈഫ് സ്കിൽ ഒളിമ്പ്യാഡ് വേദിയായ പൊഡാർ പേൾ സ്കൂൾ
ദോഹ: പാഠപുസ്തകത്തിലെ അധ്യായങ്ങളുടെ തിരക്കിൽനിന്നും ഒരുപകലിലെ ഇത്തിരി നേരത്തേക്ക് അവധിയെടുക്കാം. കുഞ്ഞു കുട്ടികൾ മുതൽ കൗമാരക്കാർ വരെ ഒന്നിക്കുന്ന പകലിലേക്ക് സ്വാഗതം. പ്രഥമ ഗൾഫ് മാധ്യമം-ഹഗ് മെഡിക്കൽ സർവിസ് ലൈഫ് സ്കിൽ ഒളിമ്പ്യാഡിന് വെള്ളിയാഴ്ച അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും.
ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെയും മറ്റു കമ്യൂണിറ്റി സ്കൂളുകളിലെയും വിവിധ പ്രായക്കാരായ 500ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന വിദ്യാഭ്യാസ, വിജ്ഞാന, വിനോദ, കായിക പരിപാടികളുമായി പ്രവാസികൾക്കിടയിലെത്തുന്ന ‘ഗൾഫ് മാധ്യമം’ കുടുംബത്തിൽ നിന്നും പുതുമയേറിയ ആശവുമായാണ് ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ അവതരിപ്പിക്കുന്നത്.
നാലു വയസ്സു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നിത്യജീവിതത്തിൽ ആവശ്യമായ ഒരുപിടി കാര്യങ്ങൾ പകർന്നു നൽകുന്ന പകലിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും.
രാവിലെയും ഉച്ചകഴിഞ്ഞുമുള്ള സെഷനുകളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കെ.ജി ഒന്ന്- കെ.ജി രണ്ട് വിദ്യാർഥികൾക്ക് ഒരു ബാച്ചായും, ഗ്രേഡ് ഒന്നു മുതൽ മൂന്നുവരെ വിദ്യാർഥികൾക്ക് മറ്റൊരു ബാച്ചായും രാവിലെ 8.30 മുതൽ 11വരെ പരിപാടികൾ നടക്കും.
ഗ്രേഡ് നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകാർക്കും, ഗ്രേഡ് എട്ട്, ഒമ്പത്, 10 ക്ലാസുകാർക്കും ഉച്ചകഴിഞ്ഞും (രണ്ടു മുതൽ അഞ്ചു വരെ) നടക്കും.
വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുസ്സലാം (സൈക്കോളജിസ്റ്റ്, സിജി കരിയർ കൗൺസലർ,) ശ്വേത പണിക്കർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഡോ. സദഫ് ജുനേജോ (ശിശുരോഗ വിദഗ്ധ, അമേരിക്കൻ ഹോസ്പിറ്റൽ), അനു അച്ചാമ്മ വർഗീസ് (സൈക്കോളജി അധ്യാപിക -ഡി.പി.എസ്), ഡോ. ഷഹീമ ഹമീദ് (ലേണിങ് ആൻഡ് ഡെവലപ്മെന്റ് സ്പെഷലിസ്റ്റ്, ആസ്പയർ അക്കാദമി), സരിത റഫീഖ് (മൈൻഡ് ആൻഡ് വെൽനസ് കോച്ച്) എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

