ഖത്തറിൽ ജനജീവിതം സാധാരണ നിലയിൽ
text_fieldsനസീം ഹെൽത്ത് കെയർ ക്ലിനിക്കിൽ ചികിത്സ സേവനങ്ങൾക്കായി എത്തിയവർ
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴും ഖത്തറിൽ ജനജീവിതം സുരക്ഷിതവും സാധാരണവുമായ നിലയിൽ ശാന്തമായി തുടരുന്നു. രാജ്യത്തെ സാമ്പത്തിക -വാണിജ്യ മേഖലകളും ആരോഗ്യ സേവനങ്ങളും യാതൊരു തടസ്സവുമില്ലാതെ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയവും വിശദമാക്കി.
രാജ്യത്തെ മെട്രോ, ബസ് സർവിസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖലയിലെ വർക്ക് ഫ്രം ഹോം സംവിധാനവും സ്കൂൾ -യൂണിവേഴ്സിറ്റി ഓൺലൈൻ പഠനവും ഒഴിച്ചുനിർത്തിയാൽ ജനജീവിതത്തിൽ മാറ്റമൊന്നുമില്ല. പൊതുജനാരോഗ്യ മേഖലയിൽ തടസ്സമില്ലാത്ത സേവനങ്ങൾ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പതിവ് പരിശോധനകൾ, മറ്റ് അടിയന്തര ചികിത്സകൾ എന്നിവ സാധാരണ നിലയിൽ തുടരുന്നുണ്ട്.
ആവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മതിയായ സ്റ്റോക്ക് ഉണ്ടെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) സ്ഥിരീകരിച്ചു. ഷെഡ്യൂൾ ചെയ്ത എല്ലാ അപ്പോയന്റ്മെന്റുകളും സ്പെഷലിസ്റ്റ് ക്ലിനിക്കുകളും പതിവുപോലെ പരിശോധന നടത്തുന്നുണ്ട്.
രജിസ്റ്റർ ചെയ്ത ആരോഗ്യ കേന്ദ്രങ്ങൾ വഴി രോഗികൾക്ക് ഏകോപിതമായ പരിചരണവും ഉറപ്പാക്കുന്നുണ്ട്. കൂടാതെ, രാജ്യത്തെ, 14 ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂർ അടിയന്തര പരിചരണവും ലഭ്യമാണ്.
കൂടാതെ, രാജ്യത്തെ മറ്റ് ആശുപത്രികളും സ്വകാര്യ ക്ലിനിക്കുകളും ജനങ്ങൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കി പ്രവർത്തന സജ്ജമാണ്. നസീം ഹെൽത്ത് കെയറിന്റെ എല്ലാ ക്ലിനിക്കുകളിലും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും സി റിങ് റോഡിലെ ക്ലിനിക്ക് 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുമെന്നും മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ സന്ദീപ് ജി. നായർ പറഞ്ഞു.
മറ്റ് ക്ലിനിക്കുകൾ റമദാൻ മാസത്തിലുടനീളം പുലർച്ചെ രണ്ടുമണി വരെ പ്രവർത്തിക്കും. കൂടാതെ രോഗികൾക്ക് ടെലി കൺസൾട്ടേഷൻ സർവിസുകളും ആരംഭിച്ചിട്ടുണ്ട്. ജനറൽ ഫിസിഷൻ, ജനറൽ ഡെന്റിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലായി ഹോം സർവിസ് സേവനവും (ഫോൺ: 4411 1133) ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

