കാത്തിരിക്കാം ഉത്സവ നാളിന്
text_fieldsജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ ഖത്തർ
ദോഹ: ആഘോഷങ്ങളുടെ ആറു മാസം പിന്നിട്ടതിനു പിന്നാലെ ഖത്തറിൽ വരാനിരിക്കുന്നത് ഉത്സവങ്ങളുടെ മറ്റൊരു കാലം. പെരുന്നാളുകളും അന്താരാഷ്ട്ര ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷനും ദോഹ അന്താരാഷ്ട്ര ഭക്ഷ്യമേളകളുമായി നിറഞ്ഞുനിന്ന 2023ലെ ആദ്യ ആറു മാസത്തേക്കാൾ ആവേശം നിറഞ്ഞതാവും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലമെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു.
ലോകകപ്പ് ഫുട്ബാൾ വിജയകരമായി സമാപിച്ചതിനു പിന്നാലെ പുതിയ പദ്ധതികളുമായി പുതുവത്സരത്തെ വരവേറ്റ ഖത്തർ ടൂറിസത്തിന് പ്രതീക്ഷിച്ചപോലെ ഉത്സവച്ഛായ പകരുന്നതായിരുന്നു ജൂൺ വരെയുള്ള കാലമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഫുവൈരിത് ബീച്ചിൽ നടന്ന ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് കപ്പ്, ഖത്തർ ഓപൺ ടെന്നിസ്, ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം, ഭക്ഷ്യമേള എന്നിവക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ
ഇനിയുള്ള ആറു മാസം കൂടുതൽ മികച്ച ആഘോഷങ്ങളുടേതാണെന്ന് ബെർതോൾഡ് ട്രെങ്കൽ പ്രഖ്യാപിച്ചു. മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ്, അടുത്ത വർഷം ആദ്യത്തിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ്, ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ, ഒക്ടോബറിൽ തന്നെ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീ എന്നിവക്ക് രാജ്യം വേദിയാവുമ്പോൾ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സന്ദർശകരുടെ ഒഴുക്ക് വർധിക്കും. രാജ്യാന്തര കായിക ചാമ്പ്യൻഷിപ്പുകളുടെ നിറപ്പകിട്ടാർന്ന സാന്നിധ്യത്തിനു പുറമെ മറ്റു സംഗീത, സാംസ്കാരിക പരിപാടികൾക്കും ഖത്തർ വേദിയൊരുക്കുന്നുണ്ട്.
സ്ഹൈൽ ഫാൽക്കൺ ഫെസ്റ്റിൽനിന്ന്
ആഘോഷവേളകൾ ആസ്വാദ്യകരമാക്കാൻ ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതായി ട്രെങ്കൽ പറഞ്ഞു.
ജനീവ മോട്ടോർ ഷോ
ലോകമെങ്ങുമുള്ള വാഹനപ്രേമികളുടെ മഹാമേളയായ ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോക്ക് ഒക്ടോബർ അഞ്ചു മുതൽ 14 വരെ ഖത്തർ വേദിയാകും. ആഡംബര വാഹനങ്ങൾ, സ്പോർട്സ് വാഹനങ്ങൾ, ക്ലാസിക് കാറുകൾ, ലോകോത്തര ബ്രാൻഡുകളുടെ പങ്കാളിത്തം, വിവിധ വാഹന നിർമാതാക്കളിൽനിന്ന് വാഹന പ്രേമികൾ കാത്തിരിക്കുന്ന പുതുപുത്തൻ മോഡലുകളുടെ ലോഞ്ചിങ്, നൂതന മോഡലുകളുടെ പ്രദർശനം, ലോകപ്രശസ്ത താരങ്ങളുടെ സാന്നിധ്യം എന്നിവകൊണ്ട് സമ്പന്നമാവും ജനീവ മോട്ടോർ ഷോ. 40 ബ്രാൻഡുകൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശിപ്പിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.
ഫോർമുല വൺ ഗ്രാൻഡ്പ്രീ
അതിവേഗ കാറോട്ട പോരാട്ടമായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ ഒക്ടോബർ ആറു മുതൽ എട്ടു വരെ ലുസൈലിൽ അരങ്ങേറും. രണ്ടാം പതിപ്പിനാണ് ഖത്തർ വേദിയൊരുക്കുന്നത്. ഇനിയുള്ള 10 വർഷം ഫോർമുല വൺ കലണ്ടറിലെ പ്രധാന വേദികൂടിയാണ് ഖത്തർ. ലൂയിസ് ഹാമിൽട്ടൻ, വെർസ്റ്റാപ്പൻ തുടങ്ങിയ അതിവേഗക്കാർ മാറ്റുരക്കുന്ന അങ്കത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
ഖത്തർ മോട്ടോ ജി.പി
മോട്ടോർ സൈക്കിൾ റേസിന്റെ ആരാധകർക്കുള്ള വിരുന്നായി മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ്പിലെ 19ാം റൗണ്ടിന് നവംബറിൽ ഖത്തർ വേദിയാകും. നവംബർ 17 മുതൽ 19 വരെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര താരങ്ങൾ മാറ്റുരക്കുന്നതാണ് മേള.
ദോഹ എക്സ്പോ
അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ ആയ ദോഹ എക്സ്പോക്ക് ഒക്ടോബർ രണ്ടിന് അൽ ബിദ്ദ പാർക്കിൽ തുടക്കമാകും. 2024 മാർച്ച് 28 വരെ നീളുന്ന എക്സ്പോയിൽ 80 രാജ്യങ്ങളുടെ പങ്കാളിത്തമാണ് അധികൃതർ പ്രഖ്യാപിച്ചത്. ആറു മാസംകൊണ്ട് 30 ലക്ഷത്തോളം സന്ദർശകരെയും പ്രതീക്ഷിക്കുന്നു.
ഏഷ്യൻ കപ്പ് ഫുട്ബാൾ
സാങ്കേതികമായി അടുത്ത വർഷം ജനുവരി 10നാണ് കിക്കോഫ് എങ്കിലും ഈ വർഷത്തെ കലണ്ടർ ഇനമാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റും. കഴിഞ്ഞ വർഷം വേദിയായ ലോകകപ്പ് ഫുട്ബാളിനോളം തന്നെ വൻകരക്ക് ആവേശമാവുന്ന ഫുട്ബാൾ മേളക്കാണ് ഖത്തർ ഒരുങ്ങുന്നത്.
ഫാൽക്കൺ മുതൽ ദൗ ഫെസ്റ്റ് വരെ
പ്രധാന മേളകൾക്ക് പുറമെ പ്രതിവർഷ കലണ്ടറിലെ പരിപാടികളുടെ ഒരു നിരയും കാത്തിരിപ്പുണ്ട്. സ്ഹൈൽ ഇന്റർനാഷനൽ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ അഞ്ചു മുതൽ ഒമ്പത് വരെ കതാറ വേദിയാകും. അറബ് യൂത്ത് ആന്റികറപ്ഷൻ ഹാക്കത്തൺ സെപ്റ്റംബർ 10 മുതൽ 14 വരെ, അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ എട്ടു മുതൽ 16 വരെ, കതാറ ദൗ ഫെസ്റ്റ് നവംബർ 14 മുതൽ 18 വരെ... എന്നിങ്ങനെ തുടരുന്നു ആഘോഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

