കാത്തിരിക്കാം, ബോട്ടുത്സവത്തിന്
text_fieldsഖത്തർ ബോട്ട് ഷോ വേദിയായ ഓൾഡ് ദോഹ പോർട്ട്
ദോഹ: പ്രഥമ ഖത്തർ ബോട്ട് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി ഓൾഡ് ദോഹ പോർട്ട്. നവംബർ ആറ് മുതൽ ഒമ്പത് വരെയായി നാലു ദിവസങ്ങളിലായി നടക്കുന്ന ബോട്ട് ഷോയിൽ ആഡംബര സൂപ്പർയാട്ടുകൾ മുതൽ കടൽ നൗകകൾ, ബോട്ട് വ്യവസായത്തിലെ അത്യാധുനിക കണ്ടെത്തലുകൾ, ജലകായിക ഇനങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷമാണ് ഒരു കുടക്കീഴിൽ ഒരുക്കിയത്.
ഖത്തറിന്റെ സമ്പന്നമായ കടൽ സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനം കൂടിയായാണ് ബോട്ട് ഷോ അരങ്ങേറുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാമെന്ന് ബോട്ട് ഷോ സംഘാടകർ അറിയിച്ചു.
തീരത്ത് നിന്നൊരുക്കുന്ന കാഴ്ചയിൽ 350ഓളം മറൈൻ ബ്രാൻഡുകളിലെ ബോട്ടുകളുടെ അതിശയക്കാഴ്ചയാണ് സജ്ജമാക്കുന്നത്. സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളും സജ്ജമാണ്. ഓഷ്യാനിക് ഡിസ്പ്ലേയാണ് മറ്റൊരു കാഴ്ച.
കരകൗശല വൈവിധ്യവും അഭൂതപൂർവമായ രാജകീയ പ്രൗഢിയുമുള്ള ഒരു നിരതന്നെ ഇവിടെ സജ്ജമാവും. അൽദാഇൻ മറൈൻ, അൽ ഫജർ മറൈൻ, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ് യാച്ച്, സെറിന യാച്ച് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളുടെ നിരയാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്.
വാട്ടർ കായിക മേഖലയിൽ 100ലേറെ ബ്രാൻഡുകളും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും പ്രദർശനത്തിനുണ്ടാവും. ഖത്തർ ബോട്ട് ഷോ മത്സരം, ജലാധന, ലൈവ് മ്യൂസിക്, കാർ പരേഡ്, കുതിരകളുടെ പ്രദർശനം, ഡ്രാഗൻ ബോട്ട് ഷോ എന്നിവക്കു പുറമെ രാത്രിയിലെ വെടിക്കെട്ട് കൂടിയാവുന്നതോടെ സംഗതി കളറാവും. ഗതാഗത മന്ത്രാലയത്തിന്റെയും വിവിധ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് പ്രഥമ ബോട്ട്ഷോ ഖത്തറിൽ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

