ആരോഗ്യകരമായ ജീവിതശൈലിക്കായി ഓടിത്തുടങ്ങാം
text_fieldsക്യു.എസ്.എഫ്.എ ‘365 ഡേയ്സ് ഓഫ് ആക്റ്റിവിറ്റി’ പ്രോഗ്രാമിന്റെ ഭാഗമായി പൊതു പാർക്കുകളിൽ ആരംഭിച്ച കമ്യൂണിറ്റി റൺ പരിശീലനങ്ങളിൽനിന്ന്
ദോഹ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സമൂഹത്തിൽ ശാരീരിക വ്യായാമം ഒരു സംസ്കാരമായി വളർത്തിയെടുക്കുക തുടങ്ങിയ എന്ന ലക്ഷ്യത്തോടെ ‘365 ഡേയ്സ് ഓഫ് ആക്റ്റിവിറ്റി’ പ്രോഗ്രാമിന്റെ ഭാഗമായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) കമ്മ്യൂണിറ്റി റൺ ആരംഭിച്ചു.
പൊതുജനങ്ങൾക്കിടയിൽ കായിക പ്രവർത്തനങ്ങളിലും ശാരീരിക ക്ഷമത നിലനിർത്തുന്നതിലും താൽപര്യം വളർത്തുക, പൊതു ഇടങ്ങളിലും പാർക്കുകളിലും വ്യായാമ -പരിശീലന പരിപാടികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 365 ഡേയ്സ് ഓഫ് ആക്ടിവിറ്റി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വ്യാഴാഴ്ചയും സായാഹ്നങ്ങളിൽ പാർക്കുകളിൽ കമ്മ്യൂണിറ്റി റൺ സെഷനുകൾ സംഘടിപ്പിക്കും. കായിക -യുവജന മന്ത്രാലയവുമായി സഹകരിച്ച് ആസ്പയർ പാർക്ക്, അൽ ലുഖ്ത പാർക്ക്, അൽ റയ്യാൻ പാർക്ക് എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി റൺ സെഷനുകൾ നടക്കുക.
മികച്ച കായികക്ഷമത ഉറപ്പാക്കുന്നതിനായി വൈവിധ്യമാർന്ന പരിശീലനങ്ങളാണ് സെഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുഷ്-അപ്പ്, ലോങ് ജമ്പ്, ബാലൻസ്, ഫ്ലെക്സിബിലിറ്റി തുടങ്ങിയ വ്യായാമ പരിശീലന സെഷനുകളും സംഘടിപ്പിക്കും.പ്രായഭേദമന്യേ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പരിശീലന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി അൽ ലുഖ്ത പാർക്കിൽ വൈകീട്ട് 5 മുതൽ 6 വരെ പ്രത്യക സെഷനുകൾ നടക്കും. ആസ്പയർ പാർക്ക്, അൽ റയ്യാൻ പാർക്ക്, അൽ ഗറാഫ (ഇൻഡോർ) എന്നിവിടങ്ങളിൽ വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും സെഷനുകൾ സംഘടിപ്പിക്കും.
ശാരീരിക പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഹരിത ഇടങ്ങൾ കായിക വിനോദത്തിനുള്ള വേദികളായി ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഫെഡറേഷന്റെ തന്ത്രത്തിന്റെ ഭാഗമാണ് കമ്മ്യൂണിറ്റി റണ്ണിങ് സെഷനുകൾ സംഘടിപ്പിക്കുന്നതെന്ന് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ദോസാരി പറഞ്ഞു.
മുതിർന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ എഴു മുതൽ 65 വയസ്സ് പ്രായപരിധിയിലുള്ളവരെ ഉൾക്കൊള്ളുന്ന കമ്മ്യൂണിറ്റി റണ്ണിൽ വ്യായാമവും വിനോദ പ്രവർത്തനങ്ങളും ചേർന്നുള്ള പരിശീലന സെഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2026-ലെ ഫെഡറേഷന്റെ ഷെഡ്യൂൾ പ്രകാരം ഏകദേശം 850ലധികം കായിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ കായിക സംസ്കാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ നീക്കം സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

