വീണ്ടും കളി, വളന്റിയർ കുപ്പായമൊരുക്കാം
text_fieldsഅണ്ടർ 17 ലോകകപ്പ്-അറബ് കപ്പ് വളന്റിയർ പ്രോഗ്രാമിന് ആസ്പയറിൽ തുടക്കംകുറിച്ചപ്പോൾ
ദോഹ: വർഷാവസാനം നടക്കുന്ന ഫിഫ അണ്ടർ 17, ഫിഫ അറബ് കപ്പ് ഫുട്ബാൾ നറുക്കെടുപ്പ് പൂർത്തിയായതിനു പിന്നാലെ ടൂർണമെന്റ് സംഘാടനത്തിനുള്ള വളന്റിയർ പദ്ധതിക്ക് തുടക്കമായി. രണ്ടു മാസങ്ങളിലായി നടക്കുന്ന ഫിഫ ചാമ്പ്യൻഷിപ്പിന്റെ വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു. ചൊവ്വാഴ്ച ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു വളന്റിർ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംകുറിച്ചത്.
30ഓളം വിഭാഗങ്ങളിലായി 4000ത്തോളം വളന്റിയർമാർക്കാണ് അവസരം നൽകുന്നത്. കൗമാര താരങ്ങളുടെയും അറബ് മേഖലയുടെയും ഫുട്ബാൾ ഉത്സവത്തിന് സന്നദ്ധ സേവനം നടത്താന്‍ താല്പര്യമുള്ളവര്ക്ക് ഫിഫയുടെ www.volunteer.fifa.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഖത്തറില്‍ താമസമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 18 വയസ്സ് പൂര്‍ത്തിയായവരുമായിരിക്കണം. മുന്‍പരിചയം ആവശ്യമില്ല. അറബ് കപ്പിനും അണ്ടര്‍ 17 ലോകകപ്പിനും ഒരു രജിസ്ട്രേഷന് മതിയാകും. രജിസ്ട്രേഷന് രണ്ടാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ സെലക്ഷന്റെ ഭാഗമായി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. ഫിഫ ഇവന്റുകളിലും ലോകകപ്പിലും വളന്റിയറിങ് നടത്തിയവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല. 4000ത്തോളം വളന്റിയര്‍മാരെ 30ഓളം ചുമതലകളിലാണ് വിന്യസിക്കുകയെന്ന് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. വളന്റിയര്‍മാര്‍ക്ക് ഒഫിഷ്യല്‍ യൂനിഫോം, സേവന സമയത്ത് ഭക്ഷണം, സൗജന്യ യാത്ര, ടൂര്‍ണമെന്റിന്റെ ലിമിറ്റഡ് എഡിഷന് ഗിഫ്റ്റുകള്‍ എന്നിവ ലഭിക്കും. വളന്റിയർ യൂനിഫോമും പുറത്തിറക്കി. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പ്. അറബ് കപ്പ് ഡിസംബർ ഒന്ന് മുതൽ 18 വരെയും നടക്കും.
കഴിഞ്ഞ പതിറ്റാണ്ടുകളിലായി ഖത്തർ വേദിയൊരുക്കിയ ഓരോ ടൂർണമെന്റിന്റെയും സുപ്രധാന ഭാഗമായിരുന്നു വളന്റിയർമാരെന്ന് പ്രാദേശിക സംഘാടക സമിതി സി.ഇ.ഒ ജാസിം അൽ ജാസിം അറിയിച്ചു.
ടൂർണമെന്റിന്റെ സംഘാടനത്തിൽ മാത്രമല്ല, ഖത്തറിന്റെ സമ്പന്നമായ സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികളിലേക്ക് പകർത്തുന്നതിലും അവരുടെ പങ്കാളിത്തമുണ്ടായിരുന്നു.
കഴിഞ്ഞ ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ് എന്നിവയിലെ മികവ് വരും ടൂർണമെന്റുകളിലൂടെയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് ഡയറക്ടർ ഹയ അൽ നുഐമിയും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

