ഖത്തറിന്റെ കൊടിമരം ഡിസൈൻ ചെയ്യാം
text_fieldsദോഹ: ഖത്തറിന്റെ സാംസ്കാകരിക പൈതൃകവും, പരിസ്ഥിതിയും ചരിത്രവും, ദേശീയ ഐക്യവുമെല്ലാം ഒരു കൊടിമരത്തിൽ ഒന്നിപ്പിക്കുന്ന ആശയമുള്ളവരിൽ നല്ലൊരു കൊടിമര രൂപം തേടുന്നതായി ഖത്തർ സാംസ്കാരിക മന്ത്രാലയം. ദേശീയ പതാക വഹിക്കുന്ന മികച്ച കൊടി മരം തയാറാക്കുന്നതിനായി രാജ്യത്തെ സ്വദേശി കലാകാരന്മാരിൽ നിന്നും ആശയം ക്ഷണിച്ചു. ജൂൺ 25ന് മുമ്പ് ഡിസൈൻ ചെയ്ത രൂപവും, അതിനു പിന്നിലെ പ്രചോദനും ആശയവും വ്യക്തമാക്കിക്കൊണ്ട് visualart@moc.gov.qa ഇ-മെയിൽ വഴി അപേക്ഷിക്കാം. ഖത്തറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും, പ്രധാന സ്ഥലങ്ങളും ഉൾപ്പെടെ ഇടങ്ങളിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് കൊടിമരം തയാറാക്കുന്നത്. ഡിസൈനുകൾ പ്രാദേശിക പരിസ്ഥിതിയും ചരിത്രവും, സാംസ്കാരിക വൈവിധ്യവും, ദേശീയ ഐക്യവും അഭിമാനവുമെല്ലാം ഒന്നിപ്പിക്കുന്ന ആശയത്തിലായിരിക്കണമെന്ന് മന്ത്രാലയം വിഷ്വൽ ആർട്സ് സെന്റർ ഡയറക്ടർ ഹുദ അൽ സാദി അറിയിച്ചു.
ഡിസൈൻ ചെയ്ത മാതൃക യഥാർഥ പകർപ്പും, സ്വന്തമായി തയാറാക്കിയതും വ്യക്തതയുമുള്ളതായിരിക്കണം. ഒപ്പം, കൊടിമരത്തിന്റെ പിന്നിലെ ആശയവും വ്യക്തമാക്കിയിരിക്കണം. ഓട്ടോകാഡ്, ത്രി ഡി മാക്സ്, സ്കെച് ഉൾപ്പെടെ ഏത് ഡിസൈൻ സോഫ്റ്റ് വെയറുകളിലുമായി ത്രീഡി ഫോർമാറ്റിൽ തയാറാക്കാം. മത്സരാർഥികൾ ഖത്തരി പൗരന്മാരായിരിക്കണമെന്നും, ഒരാൾക്ക് ഒരു ഡിസൈൻ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. വിജയിക്ക് ഒരു ലക്ഷം റിയാലും ഫലകവും സമ്മാനമായി നൽകും. രണ്ടാം സ്ഥാനത്തിന് 75,000 റിയാലും മൂന്നാം സ്ഥാനത്തിന് 50,000 റിയാലും നൽകും.

