ചൂടിനെ മെരുക്കി ജോലി തുടരാം
text_fieldsവിയർപ്പിനൊപ്പം ശരീരത്തിൽനിന്നും ഉപ്പിന്റെ അംശം നഷ്ടമാവുന്നതിനാൽ കുടിവെള്ളത്തിൽ ഒ.ആർ.എസ് ലായനി പോലുള്ളവ ചേർത്ത് കുടിക്കുന്നതും നല്ലതായിരുക്കും. ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുക എന്നതാണ് മറ്റൊരു മാർഗം. എങ്കിൽ, സൂര്യപ്രകാശം നേരിട്ട് ദേഹത്ത് പതിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയും.
ദോഹ: വേനല്‍ കടുത്തതോടെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകൾ സജീവമാണ്. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ പരിചരണം, ബോധവത്കരണത്തിന്റെ ഭാഗമായി സുരക്ഷ ഉപകരണങ്ങൾ, ഗൈഡ് ലൈനുകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. രാജ്യവും മേഖലയും കടുത്തചൂടിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടി ഉച്ചസമയങ്ങളിൽ തൊഴിൽ നിരോധിച്ചുകൊണ്ടുള്ള നിയമം കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
ഇതുപ്രകാരം ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് കൊള്ളുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല. ഓരോ ദിവസങ്ങളിലുമായി അന്തരീക്ഷ താപനില ശക്തമായി കുതിച്ചുയരുന്നതിനിടെയാണ് പുറംമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. എല്ലാ വർഷങ്ങളിലും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുകയും, എല്ലാ നിർമാണ മേഖലകളിലും നടപ്പാക്കുന്നുവെന്ന് നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ട്.
ദിവസവുമെത്തുന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലേക്കാണ് കുതിക്കുന്നത്. ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പുകളും വരുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും വടക്കുപടിഞ്ഞാറാൻ കാറ്റ് മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിരുന്നു. ജനങ്ങൾ ചൂടേറിയ കാലാവസ്ഥയെ പ്രതിരോധിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.
ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുന്നതിൽനിന്ന് വിട്ട് നിൽക്കണം. ചൂടായ സ്ഥലത്തുനിന്നും നേരിട്ട് ശീതീകരിച്ച അവസ്ഥയിലേക്ക് പോകരുത്. അണുബാധകൾ പകരുന്നത് തടയാൻ മുൻകരുതലെടുക്കണം
ഉയർന്ന ശരീര താപനില, വിയർപ്പ്, ദാഹം, വർധിച്ച ഹൃദയമിടിപ്പ്, തൊലിയുടെ ചുവപ്പ്, തലവേദന, തലകറക്കം, ഛർദി, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വെള്ളം കുടിച്ചും നേരിട്ട് ചൂട് ഏൽക്കുന്നത് ഒഴിവാക്കിയും ചൂടിനെ ചെറുക്കാൻ ശ്രമിക്കണം. ചൂടിൽ തളർന്നു വീഴുന്നവരെ തണലിലേക്ക് മാറ്റിക്കിടത്തി പരിചരിക്കുക. തണുത്ത വെള്ളത്തിൽ മുഖം കഴുകി നൽകുക.
പുറത്ത് ജോലിചെയ്യുന്നവർ നിർജലീകരണമുണ്ടാവുന്നത് ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. ജോലി അനിവാര്യമായതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മുൻകരുതൽ എടുക്കുകയാണ് ഉചിതം. അതിനാല്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

