ജനമൊഴുകിയെത്തട്ടെ, ആരോഗ്യ മേഖല സജ്ജം
text_fieldsകഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഗാലറി
ദോഹ: ലോകകപ്പ് ഉൾപ്പെടെ വൻ ആൾക്കൂട്ടങ്ങൾ ഒരുമിക്കുന്ന മേളകൾ കൈകാര്യം ചെയ്യാൻ ഖത്തർ ആരോഗ്യ മേഖല സജ്ജമാണെന്ന് റിപ്പോർട്ട്.
അടുത്തിടെ സമാപിച്ച വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളും ജനങ്ങൾ ഒരുമിച്ചുകൂടുന്ന മറ്റു പരിപാടികളും ദോഹയിൽ വിജയകരമായി സംഘടിപ്പിച്ചത്, ലോകകപ്പ് പോലെയുള്ള ജനം ഒരുമിച്ചുകൂടുന്ന വമ്പൻ പരിപാടികളും ചാമ്പ്യൻഷിപ്പുകളും കൈകാര്യം ചെയ്യാൻ ഖത്തർ ആരോഗ്യ മേഖല സജ്ജമാണെന്നതിനുള്ള ഉദാഹരണമാണെന്നും മെഡിസിൻ, ട്രോമ ആൻഡ് അക്യൂട്ട് കെയർ ജേണലിന്‍റെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പതിനായിരക്കണക്കിന് ആളുകൾ ഒരുമിച്ചുകൂടിയ നിരവധി വമ്പൻ പരിപാടികളാണ് കഴിഞ്ഞ വർഷങ്ങളിൽ ഖത്തറിൽ നടന്നത്.
കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മേളകൾ പൊതുവായി ആരോഗ്യ വകുപ്പിന് ഏറെ തലവേദനയാണ് സൃഷ്ടിക്കുന്നത്. എന്നാൽ, ഖത്തർ ആരോഗ്യ മേഖലയെ സംബന്ധിച്ച്, വമ്പൻ പരിപാടികൾ കൈകാര്യം ചെയ്യുന്നതിന് വകുപ്പ് സജ്ജമാണെന്നതിനുള്ള തെളിവുകളാണ് ഈയിടെ നടന്ന വമ്പൻ പരിപാടികളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അമീർ കപ്പിനായുള്ള കോവിഡ് സ്ക്രീനിങ്, 2020ലെ എ.എഫ്.സി ഫൈനലുകൾ, 2020ലെ ഫിഫ ക്ലബ് ലോകകപ്പ്, 2021ൽ ക്യു.എൻ.സി.സിയിൽ നടന്ന ദേശീയ കോവിഡ് മാസ് വാക്സിനേഷൻ പ്രോജക്ട് എന്നിവയെയെല്ലാം പഠനം വിശകലനം ചെയ്യുകയും സംഘാടനത്തെ വിലയിരുത്തുകയും ചെയ്തു.
പ്രസ്തുത പദ്ധതികളെല്ലാം വമ്പിച്ച വിജയമായിരുന്നുവെന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും സംതൃപ്തിയും ഉന്നതതലത്തിൽ തന്നെ ഇവിടെ കൈകാര്യം ചെയ്തുവെന്നും വ്യക്തമാക്കി.
കോവിഡ് മഹാമാരി പോലെ ലോകത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സാഹചര്യങ്ങളെല്ലാം പ്രതികൂലമായപ്പോഴും വിജയകരമായി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തറിനായെന്നും എമർജൻസി മെഡിസിൻ, േട്രാമ ആൻഡ് അക്യൂട്ട് കെയർ ജേണൽ റിപ്പോർട്ട് വിശദീകരിച്ചു.
2020 അവസാനത്തിലും 2021ന്‍റെ തുടക്കത്തിലും ഈ പദ്ധതികൾ സുരക്ഷിതമായി നടപ്പാക്കുന്നതിൽ പൊതുജനാരോഗ്യ വകുപ്പ് വെല്ലുവിളികൾ നേരിട്ടെങ്കിലും കോവിഡ് വ്യാപനം കുറച്ച് കൊണ്ടുതന്നെ വിജയകരമായി ഇവ നടപ്പാക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചു.
വളരെ വേഗത്തിൽ മാസ് വാക്സിനേഷൻ കാമ്പയിൻ സുരക്ഷിതമായി സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു.
നിരവധി ആളുകൾ ഒരുമിച്ചുകൂടിയ ഈ പദ്ധതികൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ പി.എച്ച്.സി.സി വലിയ പങ്കാണ് വഹിച്ചത്.2020 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന എ.എഫ്.സി ഫൈനലുകൾ, അമീർ കപ്പ് എന്നിവക്കായി 28,000 കാണികളെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
2021 ഫെബ്രുവരി ആദ്യവാരത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിനായി 25,000ത്തിലധികം കാണികളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി.
ഫെബ്രുവരി മുതൽ ജൂൺ വരെ ക്യു.എൻ.സി.സിയിൽ നടന്ന മാസ് വാക്സിനേഷൻ കാമ്പയിനിലൂടെ 65,0000 ഡോസ് വാക്സിൻ വിതരണം ചെയ്തു.
ജനാരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഈ പരിപാടികളെല്ലാം വൻ വിജയമായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ യാസ്മിൻ അലി മുറാദും അരുൺ ചന്ദ്രശേഖറും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

