പാഠം ഒന്ന്; പ്രവേശനോത്സവം
text_fieldsദോഹ: രണ്ടു മാസത്തിലേറെ നീണ്ട അവധിക്കാലത്തിന് വിട. കളിയും, യാത്രയും, നാട്ടിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമുള്ള വെക്കേഷനും കഴിഞ്ഞ് വിദ്യാർഥികൾ വീണ്ടും കലാലയ മുറ്റത്തേക്ക് തിരികെയെത്തുന്നു. ജൂൺ അവസാന വാരത്തിൽ വേനലവധിക്കായി അടച്ച ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകളും കിന്റർ ഗാർട്ടനുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ ഒന്ന് ഞായറാഴ്ച മുതൽ വീണ്ടും സജീവമാകും.
സർക്കാർ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷമാണെങ്കിൽ, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിദേശ കരിക്കുലം പിന്തുടരുന്ന വിദ്യാലയങ്ങൾക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ അധ്യയന വർഷത്തിനിടെയാണ് ക്ലാസുകളിലേക്ക് തിരികെയെത്തുന്നത്.
സർക്കാർ, സ്വകാര്യ സ്കൂളുകളും കിന്റർ ഗാർട്ടനും ഉൾപ്പെടെ ആയിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഞായറാഴ്ച മുതൽ സജീവമാകുന്നത്. 3.78 ലക്ഷം വിദ്യാർഥികൾ വിവിധ ക്ലാസുകളിലായി പഠനത്തിരക്കിലേക്ക് തിരികെയെത്തുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസുകൾ ഞായറാഴ്ചയാണ് ആരംഭിക്കുന്നതെങ്കിലും അധ്യാപകർ, സ്കൂൾ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്നിവർക്ക് ആഗസ്റ്റ് 25 മുതൽ പ്രവൃത്തി ദിനം ആരംഭിച്ചിരുന്നു.
സ്കൂളും കിന്റർ ഗാർട്ടനും ഉൾപ്പെടെ സർക്കാർ മേഖലയിൽ 303 സ്ഥാപനങ്ങളാണുള്ളത്. 1.36 ലക്ഷം വിദ്യാർഥികൾ സർക്കാർ മേഖലയിലുള്ളതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള യാത്രക്കായി 2353 ബസുകൾ സർവിസ് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ 160 വാനുകൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള യാത്ര സംവിധാനമായാണ് ഉപയോഗപ്പെടുത്തുന്നത്.
സ്വകാര്യ മേഖലകളിൽ 2.41 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇവരിൽ 48,319 പേർ ഖത്തരി സ്വദേശി വിദ്യാർഥികളാണ്. പുതിയ അധ്യയന വർഷത്തിൽ 13 പുതിയ സ്വകാര്യ സ്കൂളുകൾക്കും കിന്റർ ഗാർട്ടനുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അതിൽ നാലെണ്ണം നിലവിലെ സ്കൂളുകളുടെ പുതിയ ബ്രാഞ്ചുകളായാണ് ആരംഭിക്കുന്നത്.
ഖത്തരി വിദ്യാർഥികൾക്കുള്ള എജുക്കേഷനൽ വൗച്ചർ സിസ്റ്റം 134 സ്വകാര്യ സ്കൂളുകളിൽ ലഭ്യമാക്കുന്നതായി അധികൃതർ അറിയിച്ചു. എട്ട് പുതിയ സ്കൂളുകൾ ഉൾപ്പെടെയാണിത്. ഇതുവഴി പഠന ഫീസ് ഉൾപ്പെടെ 31,572 ഖത്തരി വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കും.
രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളും പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളെ സ്വീകരിക്കാൻ തയാറായതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അധ്യാപകർക്ക് പരിശീലനം നൽകിയും, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും കാര്യക്ഷമമാക്കിയുമാണ് തയാറെടുപ്പ് നടത്തിയത്. ചൂട് കാലമായതിനാൽ എയർകണ്ടീഷൻ യൂനിറ്റുകൾ അറ്റകുറ്റപ്പണി നടത്തിയും പുതിയവ സ്ഥാപിച്ചും കുറ്റമറ്റതാക്കി.
വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തയാറെടുപ്പുകൾ വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രാലയം ജീവനക്കാർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ പുതിയ അധ്യയന വർഷത്തെ തയാറെടുപ്പും ടീച്ചിങ് പ്ലാനും പരിശോധിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടുത്ത ആറുവർഷത്തെ വിദ്യാഭ്യാസ രൂപരേഖ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്യു.എൻ.സി.സി വേദിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

