ലിയോണിഡ് ഉൽക്കാവർഷം ഇന്ന്; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം
text_fieldsദോഹ: ഖത്തറിന്റെ ആകാശത്ത് ലിയോണിഡ് ഉൽക്കാവർഷം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ദൃശ്യമാകും. ബുധനാഴ്ച പുലർച്ചവരെ ഉൽക്കാവർഷം കാണാനാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ആകാശവിസ്മയം കാണാം. അർദ്ധരാത്രിക്ക് ശേഷം പുലർച്ചെ വരെ ഖത്തറിന്റെ വടക്കുകിഴക്കൻ ആകാശത്ത് ഇവ ദൃശ്യമാകും. മണിക്കൂറിൽ ശരാശരി 15 ഉൽക്കകളെ വരെ കാണാൻ സാധിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസിലെ ആസ്ട്രോണമർ ഡോ. ബഷീർ മർസൂഖ് വ്യക്തമാക്കി.
അർദ്ധരാത്രിക്ക് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ നിലാവെളിച്ചത്തിന്റെ തടസ്സമില്ലാതെ തെളിഞ്ഞ ആകാശത്ത്, ഉൽക്കാവർഷം വ്യക്തമായി കാണാൻ അനുകൂല സാഹചര്യമാണുള്ളത്.
എല്ലാ വർഷവും നവംബർ 6 മുതൽ 30 വരെയുള്ള കാലയളവിലാണ് ലിയോണിഡ് ഉൽക്കാവർഷം ഉണ്ടാകാറുള്ളത്. 55 പി/ ടെമ്പിൾടട്ടിൽ എന്ന വാൽനക്ഷത്രം സൂര്യനെ വലംവെക്കുന്നതിനിടയിൽ അവശേഷിപ്പിച്ച പൊടിപടലങ്ങൾക്കും അവശിഷ്ടങ്ങൾക്കും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ വര്‍ണ്ണവിസ്മയം സംഭവിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തിയെരിയുകയും ആകാശത്ത് ഉൽക്കകൾ ദൃശ്യമാവുകയും ചെയ്യുന്നു. ജനവാസ മേഖലകളിൽ നിന്നും പ്രകാശ -പരിസ്ഥിതി മലിനീകരണങ്ങളിൽ നിന്നും അകലെയുള്ള ഇരുണ്ട പ്രദേശങ്ങളാണ് ഉൽക്കാവർഷം കാണാൻ അനുയോജ്യം.

