വിന്റർ ഒളിമ്പിക്സിന് സുരക്ഷ ഒരുക്കാൻ ലെഖ് വിയ
text_fieldsഖത്തർ ആഭ്യന്തര സുരക്ഷാ സേന
ദോഹ: ഇറ്റലിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക് ഗെയിംസിന് സുരക്ഷയൊരുക്കാൻ ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയും ഒരുങ്ങുന്നു. ഫെബ്രുവരി ആറ് മുതൽ 22 വരെ ഇറ്റലിയിലെ മിലാനോ കോർട്ടിനയിലാണ് വിന്റർ ഒളിമ്പിക്സ് അരങ്ങേറുന്നത്. ലോകത്തിലെ വലിയ കായിക ഇവന്റുകൾക്ക് സുരക്ഷയൊരുക്കിയുള്ള മുൻപരിചയം ഈ ദൗത്യത്തിലും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ ലെഖ്വിയക്ക് സാധിക്കും.
ഈ വർഷം അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനും ഖത്തർ സുരക്ഷയൊരുക്കുന്നുണ്ട്. സുരക്ഷാ സഹകരണം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിൽ തയാറാക്കിയ കരട് ധാരണപത്രത്തിന് കഴിഞ്ഞ ജൂണിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. 2024 പാരിസ് ഒളിമ്പിക്സിലും ഇതേ വേദിയിൽ നടന്ന പാരാലിമ്പിക്സിനും ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. നാല് വർഷം മുന്നേ സംഘടിപ്പിച്ച ഫിഫ ഫുട്ബാൾ ലോകകപ്പിന്റെ അനുഭവങ്ങളുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ വിന്റർ ഗെയിംസിനായി പ്രവർത്തിക്കുക.
ഖത്തർ ആഭ്യന്തര സുരക്ഷാ സേനയുമായി ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി കൂടിക്കാഴ്ച നടത്തി. കാര്യക്ഷമതയോടെയും ഉത്തരവാദിത്തത്തോടെയും ചുമതലകൾ നിർവഹിക്കണമെന്നും ഖത്തറിന്റെ സുരക്ഷാ സംവിധാനത്തിലുള്ള അന്താരാഷ്ട്ര വിശ്വാസം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം സേനാംഗങ്ങളോട് നിർദേശിച്ചു.
ഗെയിംസിന്റെ വിജയത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സേനാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

