പ്രദർശന വിസ്മയമാകാൻ ലെഗോ ഷോ ഖത്തറിൽ
text_fieldsദോഹ: കുഞ്ഞുകുഞ്ഞു കട്ടകൾകൊണ്ട് കാഴ്ചയുടെ വലിയ ലോകം തീർക്കുന്ന ‘ലെഗോ ബ്രിക്സ്’ പ്രദർശനം ആദ്യമായി ഖത്തറിലെത്തുന്നു. വിസിറ്റ് ഖത്തർ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 10 മുതൽ 25 വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലാണ് പ്രദർശനം. ദശലക്ഷക്കണക്കിന് ലെഗോ ബ്രിക്കുകളുടെ ആകർഷകമായ മാതൃകകളും ദൃശ്യങ്ങളും അവതരിപ്പിക്കുന്ന പ്രീമിയർ ‘ലെഗോ ഷോ’ക്കാണ് ഖത്തർ വേദിയാകുന്നത്.
നിൻജാഗോ, സിറ്റി, ഡ്യുപ്ലോ, ഫ്രണ്ട്സ് എന്നിവയുൾപ്പെടുന്ന ജനപ്രിയ ലെഗോ തീമുകൾ പരിപാടിയിൽ പ്രദർശിപ്പിക്കും.
10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആകർഷകമായ 26 വ്യത്യസ്ത തീം ഏരിയകൾക്കുപുറമെ, കുടുംബ സൗഹൃദ ആകർഷണങ്ങൾ, അലഞ്ഞുതിരിയുന്ന ലൈഫ്-സൈസ് മിനിഫിഗറുകൾ, വൈവിധ്യമാർന്ന രുചികളോടുകൂടിയ ഭക്ഷ്യ-പാനീയ കൗണ്ടറുകൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ച് സന്ദർശകർക്കായി ഒരുക്കും.
ഉച്ചക്ക് ഒരു മണി മുതൽ രാത്രി 11 വരെ തുടരുന്ന പ്രദർശനത്തിലേക്ക് ടിക്കറ്റ് വഴിയാണ് പ്രവേശനം അനുവദിക്കുക. അഞ്ചുപേർക്കുള്ള ഫാമിലി പാസിന് 500 റിയാലും ഒരു വി.ഐ.പി പാസിന് 350 റിയാലുമാണ് നിരക്കുകൾ. എല്ലാ ടിക്കറ്റുകളും ലെഗോ ഷോസ് വെബ്സൈറ്റിൽ ലഭ്യമാണ്.
റമദാന് ശേഷമുള്ള ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ, സൗഹൃദ പരിപാടികൾ സംഘടിപ്പിക്കുന്ന വിസിറ്റ് ഖത്തർ സംരംഭത്തിന്റെ തുടർച്ചയാണ് ലെഗോ ഷോസ് ഖത്തർ. പ്രഗത്ഭരായ ഗായകസംഘത്തിന്റെ തത്സമയ സംഗീത പരിപാടികൾ മുതൽ പ്രത്യേക വാട്ടർപാർക്ക് പാക്കേജുകളും കലാശിൽപശാലകളും വരെ പ്രദർശനത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് വിസിറ്റ് ഖത്തർ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

