വാട്ട്സ്ആപ്പിലൂടെ ഇനി നിയമസേവനങ്ങൾ ലഭ്യമാകും
text_fieldsദോഹ: ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്.ജെ.സി) പുതുതായി തുടക്കമിട്ട വാട്സ്ആപ് അധിഷ്ഠിത നിയമ സേവനം ജനശ്രദ്ധ നേടുന്നു. വാട്സ്ആപ് വഴി ലഭ്യമാകുന്ന വിവിധങ്ങളായ നിയമ സേവനങ്ങൾ, ഉടനടിയുള്ള പ്രതികരണം, ഉപഭോക്തൃ സൗഹൃദ സ്വഭാവവുമാണ് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയത്.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘വെർച്വൽ എംപ്ലായി’ സഹായത്തോടെയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ വാട്സ്ആപ് വഴി പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചത്.
വാട്സ്ആപ് വഴി ഉപയോക്താക്കളുടെ ആവശ്യങ്ങളോട് വെർച്വൽ എംപ്ലോയി തത്സമയം പ്രതികരിക്കുന്നു. നിയമപരമായ മെമ്മോകൾ ഫയൽ ചെയ്യുക, കേസ് സ്റ്റാറ്റസ് പരിശോധിക്കുക, വിധിന്യായങ്ങളുടെ പകർപ്പുകൾ നേടുക, അടുത്ത ഹിയറിങ് തീയതി കണ്ടെത്തുക തുടങ്ങിയ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഇതുവഴി ലഭ്യമാണ്. ലോകത്ത് എവിടെനിന്നും ജുഡീഷ്യൽ സേവനങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്നു.
ഖത്തറിലും വിദേശത്തുമുള്ള എല്ലാ ഉപയോക്താക്കൾക്കും വളരെ എളുപ്പത്തിൽ മികച്ചതും വേഗമേറിയതും നീതി ലഭ്യമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണിത്.
നീതിന്യായ വ്യവസ്ഥയെ ആധുനികവത്ക്കരിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യയിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത് നടപ്പാക്കിയത്.
ഉപയോക്താവിന്റെ ലിങ്ക് ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് 44597777 എന്ന വാട്സ്ആപ് നമ്പറിലൂടെ ഈ സേവനങ്ങൾ ലഭ്യമാണ്. ഇത്തരം സേവനങ്ങൾ പൗരന്മാർക്കും താമസക്കാർക്കും പ്രത്യേകിച്ച് വിദേശത്തുള്ള കുടുംബങ്ങൾക്കും പ്രയോജനകരമാണെന്നും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഉപയോക്താക്കൾക്ക് നിയമ നടപടികളെക്കുറിച്ച് സമഗ്രമായ വിവരം നൽകൽ, കേസിന്റെ വിവരങ്ങൾ, ഹിയറിങ് തീയതികൾ, സമർപ്പിച്ചതോ തീർപ്പുകൽപ്പിക്കാത്തതോ ആയ മെമ്മോകൾ തുടങ്ങിയ സേവനങ്ങൾ വാട്സ്ആപ് വഴി ലഭ്യമാകുന്നു.
ഡിജിറ്റൽ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. നീതിന്യായ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ബന്ധിപ്പിച്ചുള്ള ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ആദ്യഘട്ടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

