സൗജന്യമായി അറബി പഠിക്കാം; 'തകല്ലം' പ്ലാറ്റ്ഫോമിലൂടെ
text_fieldsദോഹ: ലോകമെമ്പാടും ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിലൊന്നാണ് അറബി. എന്നാൽ സമയക്കുറവ്, ഉയർന്ന കോഴ്സ് ഫീസുകൾ, നേരിട്ട് ക്ലാസിൽ പോകാനുള്ള ബുദ്ധിമുട്ട് എന്നിവ പലരെയും പഠനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. ഈ തടസ്സങ്ങൾ നീക്കി സൗജന്യമായി ഒഴിവു സമയങ്ങളിൽ അറബി ഭാഷ പഠിക്കാൻ സൗകര്യമൊരുക്കി ഖത്തർ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം. ഖത്തറിലുള്ളവർക്കും വിദേശത്തുള്ളവർക്കും സൗജന്യമായി അറബി ഭാഷ പഠിക്കുന്നതിനായി ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം തകല്ലം ഓൺലൈൻ പ്ലാറ്റ്ഫോം (വെബ്സൈറ്റ്, മൊബൈൽ ആപ്പ്) സജ്ജമാക്കിയിട്ടുണ്ട്. തുടക്കക്കാർക്കും ഇടത്തരം അറിവുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
അറബി ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കേട്ടു മനസ്സിലാക്കാനുമുള്ള പ്രായോഗിക പരിശീലനം വളർത്താൻ ഇതിലൂടെ വിദ്യാർഥികളെ സഹായിക്കുന്നു. നിത്യജീവിതത്തിലെ ആശയവിനിമയത്തിനും സാംസ്കാരിക അറിവിനും ഇസ്ലാമിക പഠനങ്ങൾക്കും ആഗ്രഹിക്കുന്ന ഇതര ഭാഷക്കാർ, ജോലി ആവശ്യങ്ങൾക്കും ബിസിനസിനും യാത്രകൾക്കും മാധ്യമ പ്രവർത്തനങ്ങൾക്കുമായി അറബി പഠിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ എന്നിവർക്കെല്ലാം 'തകല്ലം' (Takalam) പ്ലാറ്റ്ഫോം വഴി അറബി ഭാഷ പഠനം എളുപ്പമാക്കാം.
ആകെ ഏഴ് ഘട്ടങ്ങളിലായാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. പദാവലി, ഉച്ചാരണം, എഴുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിനയി ഓരോ ലെവലിലും ട്യൂട്ടറിങ് വിഡിയോകളും ഇന്ററാക്ടീവ് പരിശീലനങ്ങളും ഉൾപ്പെടുന്ന 20 പാഠങ്ങൾ വീതമുണ്ട്. പഠന മെറ്റീരിയലുകൾ ഓൺലൈനായി കാണാനും ഡൗൺലോഡ് ചെയ്ത് ഓഫ്ലൈനായി പഠിക്കാനും സാധിക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമിന് പുറമെ, മന്ത്രാലയം നേരിട്ടുള്ള സൗജന്യ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ സമയവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിയിക്കും. ഖത്തറിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ അറബി ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അറബി ഭാഷ പഠന പദ്ധതി നടപ്പാക്കുന്നത്.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
- മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ 'തകല്ലം' ആപ്പിലോ അക്കൗണ്ട് തുടങ്ങുക.
- എജുക്കേഷൻ സെക്ഷനിൽ പോയി 'തകല്ലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇമെയിൽ വഴിയോ കോഡ് വഴിയോ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.
- നിങ്ങളുടെ അറബി ഭാഷ അറിവിനനുസരിച്ച് അനുയോജ്യമായ 'ലെവൽ' തിരഞ്ഞെടുത്ത് പഠനം ആരംഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

