പരമ്പരാഗത പായ്ക്കപ്പൽ നിർമാണ പദ്ധതിക്ക് തുടക്കം
text_fieldsദോഹ: ഖത്തർ കോർണിഷിനോട് ചേർന്ന മൂന്നിടങ്ങളിൽ പരമ്പരാഗത പായ്ക്കപ്പൽ നിർമാണ പദ്ധതിക്ക് ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക്ക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി തുടക്കം കുറിച്ചു. കോർണിഷിനോടുചേർന്ന കാൽനട പാതകളായ അൽ ബിദ്ദ അണ്ടർപാസ്, അൽ ദഫ്ന അണ്ടർപാസ്, ഷെറാട്ടൻ പാർക്ക് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തർ ടൂറിസം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രൈവറ്റ് എൻജിനിയറിങ് ഓഫിസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ദൗ ബോട്ട് മറൈൻ കൺസ്ട്രക്ഷൻ പ്രോജക്ട് പൂർത്തിയാക്കുക.
കോർണിഷിൽ വിനോദസഞ്ചാര, വിനോദ വിപണിയിൽ വലിയ ഉണർവ് സൃഷ്ടിക്കാൻ പദ്ധതിക്കാകുമെന്നും ലോകകപ്പിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി സന്ദർശകർ ഖത്തറിലെത്തുന്ന സാഹചര്യത്തിൽ പദ്ധതിക്ക് പ്രാധാന്യമേറെയാണെന്നും സൂപ്പർവൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ എൻജി. സാറ കഫൂദ് പറഞ്ഞു.
ഖത്തറിന്റെ സാംസ്കാരിക, പൈതൃക മുഖമുദ്രകളിലൊന്നാണ് പരമ്പരാഗതമായ പായ്ക്കപ്പലുകളെന്നും പദ്ധതി പൂർത്തിയാകുന്നതോടെ ബോട്ടുകളുടെ ഗതാഗതം സുഗമമാകുമെന്നും കോർണിഷിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലാണ് പദ്ധതിയെന്നും എൻജി. കഫൂദ് വ്യക്തമാക്കി. രാജ്യത്തെത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കും ജലോപരിതലത്തിലൂടെ ദോഹയെ അടുത്തറിയുന്നതിനും കാഴ്ചകൾ കാണുന്നതിനും സൗകര്യമൊരുക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും സംസ്കാരത്തെയും അടുത്തറിയാനും പദ്ധതി സഹായിക്കുമെന്നും അവർ വിശദീകരിച്ചു.
പരമ്പരാഗത നിർമാണ മാതൃകകൾക്കുപകരം, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം.
മികച്ച ഡിസൈനുകളിലും ഉന്നത സുരക്ഷാ നിലവാരം പുലർത്തിയുമാണ് ബോട്ടുകളുടെ നിർമാണം പൂർത്തിയാക്കുന്നത്. ലോകകപ്പ് കാലത്ത് സഞ്ചാരികളുടെ ഏറ്റവും ആകർഷണ കേന്ദ്രമായി മാറുന്ന ദോഹ കോർണിഷിൽ പായ്ക്കപ്പൽ നിർമാണവും അവയിലെ സഞ്ചാരവുമെല്ലാം കൗതുകക്കാഴ്ചയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

