തീർഥാടകർക്കുള്ള സേവനങ്ങളിൽ വീഴ്ച; ഹജ്ജ് കമ്പനി സി.ഇ.ഒയെ മാറ്റി
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഹജ്ജ് കമ്പനി സി.ഇ.ഒയെയും മറ്റൊരു ഹജ്ജ് കമ്പനി തലവനെയും ഹജ്ജ്-ഉംറ മന്ത്രാലയം മാറ്റി.
ഹജ്ജ് കമ്പനി ഡയറക്ടർ ബോർഡുമായി ഏകോപിച്ചാണ് നടപടി. തീർഥാടകർക്ക് ആവശ്യാനുസരണം സേവനങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതായി മന്ത്രാലയത്തിന്റെ ഫീൽഡ് നിരീക്ഷണ ടീമുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. ഹജ്ജ് സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ സേവനത്തെ ബാധിക്കുന്ന വീഴ്ചകളൊന്നും അനുവദിക്കില്ല. അവ വെച്ചുപൊറുപ്പിക്കില്ല. മന്ത്രാലയത്തിന്റെ ഫീൽഡ് പരിശോധന സംഘം പുണ്യസ്ഥലങ്ങളിൽ നിരീക്ഷണം തുടരുകയാണ്. പരാതി ലഭിക്കുന്ന ഉടനെ അവ കൈകാര്യം ചെയ്യുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

