തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധം
text_fieldsദോഹ: കോവിഡ്–19 മഹാമാരിയെത്തുടർന്നുണ്ടാകുന്ന വെല്ലുവിളികളിൽ നിന്നും ആഘാതങ്ങളിൽ നിന്നും രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം നൽകുന്നതിനും രാജ്യം സന്നദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.അന്താരാഷ്്ട്ര തൊഴിൽ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ കമ്മ്യൂണിറ്റി നേതാക്കളുമായി സഹകരിച്ച് തൊഴിൽ മന്ത്രാലയം വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിൽഡിംഗ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണൽ അംഗങ്ങൾ, അന്താരാഷ്്ട്ര തൊഴിൽ സംഘടനകളിൽ നിന്നുള്ള നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
രാജ്യത്തിെൻറ വളർച്ചക്കും ഉയർച്ചക്കും ഏറെ പങ്ക് വഹിച്ചവരാണ് ഇവിടെയുള്ള പ്രവാസി തൊഴിലാളികളെന്നും അവർക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുകയാണെന്നും സാധ്യമാകുന്ന രീതിയിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ രാജ്യം സന്നദ്ധമാണെന്നും മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശമുണ്ടെന്നും യോഗത്തിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ ആരോഗ്യ, തൊഴിൽ രംഗത്ത് പ്രത്യേക മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും തൊഴിലാളികൾക്കിടയിൽ ബോധവൽകരണ, വിദ്യാഭ്യാസ കാമ്പയിനുകൾ തുടരുകയാണെന്നും തൊഴിലാളികൾക്ക് പരാതിപ്പെടാൻ പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധന തുടരുകയാണെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. ദുരന്ത നിവാരണ മേഖലയിൽ ഖത്തറിെൻറ സുതാര്യ നിലപാടുകളെ പിന്തുണച്ചും പ്രശംസിച്ചും അന്താരാഷ്്ട്ര വാണിജ്യ സംഘടനകളും സിവിൽ സമൂഹ സംഘടനകളും ഖത്തർ സർക്കാറിന് പ്രത്യേക എഴുത്ത് അയച്ചിട്ടുണ്ടെന്ന സന്തോഷ വാർത്ത അറിയിക്കുകയാണെന്നും അദ്ദേഹം സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.