കുവൈത്ത് മറൈൻ ഷോ; ഖത്തർ പവിലിയൻ ഒരുക്കി ഓൾഡ് ദോഹ പോർട്ട്
text_fieldsദോഹ: കുവൈത്തിലെ അൽ ഖിറാനിൽ നടക്കുന്ന പ്രഥമ കുവൈത്ത് മറൈൻ ഷോ 2026 ൽ ഖത്തർ പവിലിയൻ ഒരുക്കി ഓൾഡ് ദോഹ പോർട്ട്. മേഖലയിലെ സമുദ്രോൽപന്ന വ്യവസായ രംഗത്ത് ഖത്തറിന്റെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പവലിയൻ സജ്ജമാക്കിയത്. ജനുവരി 31 വരെ നീണ്ടിനിൽക്കുന്ന മറൈൻ ഷോയിൽ അത്യാധുനിക ബോട്ടുകൾ, സമുദ്ര സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രമുഖ ഖത്തറി നിർമാതാക്കളായ ബൽഹംബർ ബോട്ട്സ് ഫാക്ടറി, ഹലൂൽ ബോട്ട്, ദോഹ ക്രാഫ്റ്റ് മറൈൻ, ടൊർണാഡോ ബോട്ട്സ് എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് 'ഖത്തർ പവലിയൻ' ഒരുക്കിയിരിക്കുന്നത്. ഖത്തറിന്റെ സമുദ്ര നിർമാണ ശേഷി ആഗോളതലത്തിൽ പ്രദർശിപ്പിക്കുകയും വിപണികളിൽ ഖത്തറി കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
പുതിയ കാലത്തെ മജ്ലിസ് ശൈലിയിൽ രൂപകൽപന ചെയ്തിരിക്കുന്ന പവിലിയനിൽ, ചർച്ചകൾക്കും ബിസിനസ് കൂടിക്കാഴ്ചകൾക്കുമായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുവൈത്ത് മറൈൻ ഷോയിലെ പങ്കാളിത്തത്തിലൂടെ ഖത്തറിന്റെ സമുദ്ര വ്യവസായ മേഖലയിലെ കരുത്താണ് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. കൂടാതെ, ഭാവിയിൽ ഖത്തർ ബോട്ട് ഷോ പോലുള്ള പരിപാടികളിലേക്ക് കൂടുതൽ പങ്കാളിത്തം ആകർഷിക്കാൻ സഹായിക്കും.
ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണവും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ തുടർച്ചയായാണ് ഈ നീക്കം.
പ്രാദേശികവും അന്തർദേശീയവുമായ വലിയ പ്രദർശനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെ ഖത്തറി കമ്പനികളെ ആഗോള വിപണിയിൽ എത്തിക്കാനാണ് ഓൾഡ് ദോഹ പോർട്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

