കെ.പി.എൽ സീസൺ 5 സമാപനം; ചുങ്കം ബ്രദേഴ്സിന് കിരീടം
text_fieldsകെ.പി.എൽ സീസൺ 5 ജേതാക്കളായ ചുങ്കം ബ്രദേഴ്സിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റായ കെ.പി.എൽ സീസൺ 5ന് ആവേശകരമായ സമാപനം. ടെസ്ല ഇന്റർനാഷനൽ ഗ്രൂപ് മുഖ്യസ്പോൺസറായി അൽ ഹുസൈനി എന്റർപ്രൈസസ് റോളിങ് ട്രോഫിക്കായി നടന്ന വാശിയേറിയ ഫൈനലിൽ ശക്തരായ റോയൽ എഫ്.സിയെ പരാജയപ്പെടുത്തി ചുങ്കം ബ്രദേഴ്സ് കിരീടം സ്വന്തമാക്കി.
ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചും ഗോൾകീപ്പർ കോച്ചുമായ മുഹമ്മദ് അസ്ലം എം.വൈ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അദ്ദേഹം കളിക്കാരെ പരിചയപ്പെടുകയും ടൂർണമെന്റിന് ആശംസകൾ നേരുകയും ചെയ്തു. നാല് ടീമുകൾ മാറ്റുരച്ച പ്രഥമിക ഘട്ടത്തിൽ ഗ്രൂപ് പോയന്റ് നിലയിൽ കിങ്സ് കൂറ്റനാട് ചുങ്കത്തിനൊപ്പം ആയിരുന്നെങ്കിലും ഫെയർപ്ലേ പോയന്റിലെ മുൻഗണനയിൽ ചുങ്കം ബ്രദേഴ്സ് ഫൈനലിൽ കടക്കുകയായിരുന്നു. നിശ്ചിത സമയപരിധിയിൽ രണ്ടുഗോളുകൾ നേടി ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ 5-4ന് ചുങ്കം ബ്രദേഴ്സ് വിജയം ഉറപ്പിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് ചുങ്കം ബ്രദേഴ്സിന്റെ ജാസിർ ന്യൂ ബസാർ 'പ്ലെയർ ഓഫ് ദ ഫൈനൽ' പുരസ്കാരം നേടി. കിങ്സ് കൂറ്റനാടിന്റെ ഹുസൈൻ മികച്ച ഗോൾ കീപ്പറായപ്പോൾ, ചുങ്കം ബ്രദേഴ്സിന്റെ രാഗേഷ് ചാലിശ്ശേരി മികച്ച പ്രതിരോധ താരമായി തെരഞ്ഞെടുക്കപ്പെട്ടു. റോയൽ എഫ്.സി ടീമിൽനിന്നും മുസ്തഫ മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, അതേ ടീമിലെ ഷാജി മുറൂർ ടോപ് സ്കോറർ പട്ടം കരസ്ഥമാക്കി. സമാപന ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും വ്യക്തിഗത അവാർഡുകൾ നേടിയ താരങ്ങൾക്കുമുള്ള ട്രോഫികൾ ഷമീർ ടി.കെ, ഷറഫുദ്ദീൻ, അഷറഫ് പി., എ. നാസർ, സക്കീർ വി.പി., സലിം കെ.വി., മുനീർ സുലൈമാൻ, പ്രഗിൻ, ഷാജി എ.വി., സ്മിജൻ, കബീർ തുടങ്ങിയവർ സമ്മാനിച്ചു. ജലീൽ എ.വി., അനസ് വാവനൂർ, ജലീൽ വട്ടേനാട്, ബുക്കാർ, സുധാകരൻ, നവാസ്, രാഗേഷ്, അറഫാത്ത്, ഷമീർ അബൂബക്കർ, ഷൗക്കത്ത്, അഫ്സൽ കരീം, അൻസാർ, ഫൈസൽ, മാമൻ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

