Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻകാസ്...

ഇൻകാസ് നേതാക്കൾക്കെതിരായ സസ്‍പെൻഷൻ പിൻവലിച്ച് കെ.പി.സി.സി

text_fields
bookmark_border
Qatar INCAS
cancel

ദോഹ: വർഷങ്ങളായി നീറിപ്പുകയുന്ന ഗ്രൂപ്പിസത്തിനും വിഭാഗീയതക്കും മഞ്ഞുരുക്കമായി ഖത്തർ ഇൻകാസ് നേതാക്കൾക്കെതിരായ സസ്‍പെൻഷൻ പിൻവലിച്ച് കെ.പി.സി.സി. ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, മുതിർന്ന നേതാക്കളായ എ.പി മണികണ്ഠൻ, കെ.വി ബോബൻ, ജോപ്പച്ചൻ തെക്കേക്കുറ്റ് എന്നിവർക്കെതിരായ അച്ചടക്ക നടപടിയാണ് ​ഒന്നര വർഷത്തിനു ശേഷം സംസ്ഥാന കോ​ൺഗ്രസ് നേതൃത്വം പിൻവലിച്ചത്. ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നടപടി പിൻവലിച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. നടപടി പിൻവലിച്ചുകൊണ്ടുള്ള കത്ത് നാലു പേർക്കും ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്കും കൈമാറിയിട്ടുണ്ട്. കത്തും കെ.പി.സി.സി നേതൃത്വത്തിന്റെ ഫോൺ സന്ദേശവും ലഭിച്ചതായി ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രതികരിച്ചു.

കഴിഞ്ഞ വർഷം ജൂണിലാണ് ഇൻകാസിലെ ഭിന്നതയുടെ തുടർച്ചയായി മുതിർന്ന നേതാക്കളെ കെ.പി.സി.സി പ്രസിഡന്റ് സസ്‍പെൻഡ് ചെയ്തത്. ഇന്ത്യൻ എംബസി ​അപെക്സ് ബോഡിയായ ഇന്ത്യൻ കൾച്ചറൽ സെന്റർ നേതൃത്വത്തിൽ ഇൻകാസിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു ഹൈദർ ചുങ്കത്തറ, എ.പി മണികണ്ഠൻ, കെ.വി ബോബൻ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്. അഫിലിയേറ്റഡായ പ്രവാസി സാംസ്കാരിക സംഘടന എന്ന നിലയിൽ 2022 ജൂണിലാണ് ഇൻകാസിൽ ഐ.സി.സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ നീക്കം തള്ളിയ കെ.പി.സി.സി തെരഞ്ഞെടുപ്പുമായി സഹകരിച്ച് മുന്നോട്ട് പോയവർക്കെതിരെ നടപടിയും സ്വീകരിച്ചു. മുൻ ഐ.സി.സി കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ജോപ്പച്ചൻ തെക്കെക്കൂറ്റിനെ 2021 നവംബറിലാണ് സസ്‍പെൻഡ് ചെയ്തത്.

സസ്‍പെൻഷൻ നിലനിൽക്കെ, രണ്ടു കമ്മിറ്റികളായി ഇൻകാസ് ഖത്തറിൽ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. സമീർ ഏറാമല പ്രസിഡന്റായ ഒ.ഐ.സി.സി ഇൻകാസ്, ഹൈദർചുങ്കത്തറ പ്രസിഡന്റായ ഇൻകാസ് ഖത്തർ എന്നീ പേരുകളിലായിരുന്നു ഇവർ പ്രവർത്തിച്ചത്. ഏറെ അനുയായികളും പ്രവർത്തനങ്ങളുമായി സജീവമായ ഖത്തർ ഇൻകാസിലെ ഭിന്നത സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും തലവേദനയായി മാറി. തുടർന്ന് കെ.പി.സി.സി തന്നെ അനുരഞ്ജന പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ദോഹയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജയന്ത്, പി.എ സലീം എന്നിവർ നേതാക്കളും പ്രവർത്തകരുമായി കൂടികാഴ്ച നടത്തുകയും അനുരഞ്ജനത്തിനുള്ള വഴികൾ തേടുകയും ചെയ്തു. ഈ ചർച്ചകളു​ടെ തുടർച്ച എന്ന നിലയിലാണ് സസ്‍പെൻഷൻ പിൻവലിക്കുന്നത്. വിലക്കു കാലം മറി നേതാക്കളെല്ലാം ഒന്നാകുന്നതോടെ, രണ്ടു കമ്മിറ്റികളായി പ്രവർത്തിക്കുന്ന ഇൻകാസിനെ ഇനി ഏത് ഫോർമുലയിൽ ഒന്നാക്കി മാറ്റുമെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCQatar INCAS
News Summary - KPCC withdraws suspension against Qatar INCAS leaders
Next Story