അൽ സദ്ദിനായി ഗോളടിച്ചുകൂട്ടി കോഴിക്കോട്ടുകാരൻ
text_fieldsമത്സരത്തിനിടെ അൽ സദ്ദിനായി ഗോൾ നേടുന്ന ആതിഫ് റഹ്മാൻ
ദോഹ: അന്താരാഷ്ട്ര ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അലി ദാഇയും ലോകം കണ്ട മികച്ച താരങ്ങളായ സ്പെയിനിന്റെ റൗൾ ഗോൺസാലസും സാവി ഹെർണാണ്ടസുമടക്കമുള്ള വമ്പൻ താരങ്ങൾ പന്തുതട്ടിയ അൽ സദ്ദ് ഫുട്ബാൾ ക്ലബിന്റെ കൗമാര സംഘത്തിലെ പ്രധാന താരമായി കോഴിക്കോട് ചേന്ദമംഗലൂരുകാരൻ ആതിഫ് റഹ്മാൻ.
കഴിഞ്ഞ ദിവസം സമാപിച്ച സ്റ്റാർസ് ലീഗിന്റെ അണ്ടർ-17 ടൂർണമെന്റിലെ ടോപ്സ്കോററായി തിരഞ്ഞെടുക്കപ്പെട്ട ആതിഫ്, കാൽപന്തുകളി പ്രേമികളായ മലയാളികൾക്കുകൂടി അഭിമാനമാകുകയാണ്. ഒമ്പതു ഗോൾ അടിച്ചുകൂട്ടിയാണ് നിരവധി താരങ്ങളെ പിന്തള്ളി ആതിഫ് ടോപ്സ്കോറർ പട്ടം കരസ്ഥമാക്കിയത്.
അൽ സഈം എന്ന വിളിപ്പേരിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗടക്കം നേടി ക്ലബ് ഫുട്ബാളിൽ നിരവധി ദേശീയ, അന്തർദേശീയ കിരീടങ്ങൾ സ്വന്തമാക്കിയ ഖത്തർ ഫുട്ബാളിലെ വമ്പന്മാർ കൂടിയാണ് അൽ സദ്ദ് ക്ലബ്. 2021 ഡിസംബർ മുതൽ അൽ സദ്ദ് ക്ലബിലെത്തിയ ആതിഫ് റഹ്മാൻ, നിലവിൽ സദ്ദിന്റെ അണ്ടർ 17 സംഘത്തിലെ സ്ഥിരം സാന്നിധ്യമാണ്.
2022ൽ പാരിസിൽ നടന്ന പി.എസ്.ജി അക്കാദമി ലോകകപ്പിൽ അണ്ടർ 15 വിഭാഗത്തിൽ ഖത്തർ പി.എസ്.ജി അക്കാദമിയെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത സംഘത്തിലും ആതിഫ് ഉണ്ടായിരുന്നു.
അൽ സദ്ദ് ടീമിലെ സഹതാരങ്ങൾക്കൊപ്പം ആതിഫ് റഹ്മാൻ (നിൽക്കുന്നവരിൽ വലത്തുനിന്ന് രണ്ടാമത്)
ഫുട്ബാളിനെ നെഞ്ചേറ്റിയ പിതാവ് അഫ്സലിന്റെ പാരമ്പര്യം തന്നെയാണ് ആതിഫിന്റെ കാൽപന്തുകളിയോടുള്ള ഇഷ്ടത്തിനും താൽപര്യത്തിനും പിന്നിൽ. ആതിഫിന് ഫുട്ബാളിലെ ബാലപാഠങ്ങൾ പകർന്നുകൊടുത്തത് പിതാവ് തന്നെയായിരുന്നു. മാതാവ് ഹനാനും മികച്ച പിന്തുണ നൽകി. ആതിഫിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പിതാവ് നൽകിയ ശിക്ഷണവും പ്രചോദനവുമാണ് മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തായത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അൽ വക്റ സ്പോർട്സ് അക്കാദമിയിലൂടെയാണ് ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. ഖത്തറിലെ പി.എസ്.ജി അക്കാദമിയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മുൻനിര ക്ലബായ അൽ സദ്ദിന്റെ കൗമാര സംഘത്തിലേക്കുള്ള വിളിയുമെത്തി.
ഇന്ത്യൻ സ്പോർട്സ് സെന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗം ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ ശാന്തിനികേതൻ സ്കൂൾ ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്ക് വഹിക്കാനുമായി. സി.ബി.എസ്.ഇ അണ്ടർ 17 ക്ലസ്റ്ററിൽ മൂന്നാം സ്ഥാനവും ഈ സംഘം കരസ്ഥമാക്കി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് ആതിഫ്. ഭാവിയിൽ ലാ ലിഗയിലോ അല്ലെങ്കിൽ ടോപ് ഫൈവ് ലീഗുകളിലൊന്നിലോ എത്തുകയാണ് ലക്ഷ്യമെന്ന് ആതിഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലയാളിയും ഖത്തർ യൂത്ത് ടീം അംഗവുമായ അൽ സദ്ദിന്റെ തഹ്സിനാണ് ഗോൾവേട്ടയിൽ രണ്ടാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

