കോയക്ക: ഖത്തറിൻെറ റേഡിയോ ഏഷ്യ
text_fieldsദോഹ: റേഡിയോ ഏഷ്യ കോയക്ക എന്ന വിളിപ്പേരിൽ ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിൽ പരിചിതനായിരുന്നു കോഴിക്കോട് മേത്തലക്കണ്ടി അഹമ്മദ് കോയ.
വെള്ളിയാഴ്ച നാട്ടിൽ മരിച്ച അദ്ദേഹത്തിൻെറ വിയോഗത്തിലൂടെ സംഘടനകളുടെ പിൻബലമോ ലേബലോ ഇല്ലാതെ സാമൂഹിക സേവനം നടത്തിയ വ്യക്തിയെയാണ് ഖത്തറിലെ മലയാളി സമൂഹത്തിനു നഷ്ടമായത്. ദുബൈ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന റേഡിയോ സ്ഥാപനത്തിൻെറ ഖത്തർ പ്രതിനിധിയായി തുടക്കംമുതലേ പ്രവർത്തിച്ചിരുന്ന കോയ പിന്നീട് മാധ്യമസ്ഥാപനത്തിൻെറ പേരിലാണ് മലയാളികൾക്കിടയിൽ അറിയപ്പെട്ടത്.
മേത്തലക്കണ്ടി അഹമ്മദ് എന്ന അദ്ദേഹത്തിൻെറ പേര് പലർക്കും അറിയില്ലായിരുന്നു. റേഡിയോയുടെ പേരിനൊപ്പം കോയ എന്നുകൂടി ചേർത്തുള്ള വിളി അദ്ദേഹവും ഇഷ്ടപ്പെട്ടു. ഖത്തർ കാലാവസ്ഥ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കോയ സമൂഹത്തിൻെറ വിവിധ തുറകളിലുള്ളവരുമായി നേരിട്ട് ഇടപഴകുന്നതിനായി ദിവസവും സമയം കണ്ടെത്തിയിരുന്നു.
വാർത്തകളും പരസ്യങ്ങളും ഓരോ ദിവസവും കണ്ടെത്താനുള്ള അദ്ദേഹത്തിൻെറ മാർഗം കൂടിയായിരുന്നു അത്തരം ഇടപെടലുകൾ. പതിറ്റാണ്ടുകൾ നീണ്ട സാമൂഹിക -മാധ്യമ പ്രവർത്തനത്തിനിടെ മുഖ്യധാര സംഘടനകളുമായും നേതാക്കളുമായും നിഷ്കളങ്കമായ ബന്ധം സ്ഥാപിച്ചു കോയ. നേതാക്കളോട് അവരുടെയും പ്രസ്ഥാനത്തിൻെറയും പോരായ്മകൾ തുറന്നുപറയാൻ ഒരു മടിയും കോയക്കില്ലായിരുന്നു.
ഖത്തറിലെ ബിസിനസ് പ്രമുഖരുടെ കുടുംബത്തിലെ കല്യാണങ്ങളും മറ്റു പ്രത്യേക വിശേഷങ്ങളും ഓർത്തുവെച്ചും മറ്റുള്ളവരെ ഓർമിപ്പിച്ചും ആശംസകൾ അയപ്പിക്കുന്ന ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. വിശേഷ ദിവസങ്ങളിൽ മറ്റുള്ളവരുടെ പേരിലുള്ള ബൊക്കെയുമായി കോയയുടെ പ്രതിനിധി കല്യാണ വീട്ടിലെത്തിയിരിക്കും.
സമൂഹത്തോടുള്ള ഉത്തരവാദിത്തമോർത്തും മറ്റുള്ളവരെ ഓർമിപ്പിച്ചും ജീവിച്ച കോയ ഒടുവിൽ ഓർമകളുടെ ലോകത്തേക്ക് യാത്രയായി. 66 വയസ്സായിരുന്നു.
ഭാര്യ: കാതിയാരകം റഫീക്ക. മക്കൾ: റഫ്ജി അഹ്മദ്, റഷാദ് അഹ്മദ് (യു.കെ), റന അഹ്മദ്. മരുമക്കൾ: നടുവിലകം നൗഫൽ, പയനിങ്ങൽ ഇല്ദിസ് ഗഫൂർ. സഹോദരങ്ങൾ: സുബൈദ, ആയിഷബി, പരേതയായ കുട്ടിബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
