ലുസൈലിൽ കൊറിയൻ മെഡിക്കൽ സെന്റർ തുറന്നു
text_fieldsലുസൈലിലെ കൊറിയൻ മെഡിക്കൽ സെന്റർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലുസൈൽ ബൊളെവാഡിൽ 30,000ലധികം ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ച കൊറിയൻ മെഡിക്കൽ സെന്റർ (കെ.എം.സി) പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉദ്ഘാടനം ചെയ്തു. സ്റ്റെംസെൽ (മൂലകോശം) ചികിത്സ സൗകര്യമാണ് ഇവിടത്തെ പ്രത്യേകത.
മൂലകോശം മാറ്റിവെക്കുന്നതിൽ ലോകത്തുതന്നെ മുൻനിരയിലുള്ള ഇ.എച്ച്.എൽ ബയോ ആർ ആൻഡി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കെ.എം.സി പ്രവർത്തിക്കുക. ന്യൂറോളജിക്കൽ, ഓസ്റ്റിയോ ആർത്രൈറ്റിസ്, രക്തചംക്രമണം, മെറ്റബോളിക്, ഓട്ടോഇമ്മ്യൂൺ ഡിസീസസ് തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ മൂലകോശ സാങ്കേതികവിദ്യ ഇ.എച്ച്.എൽ ബയോ വികസിപ്പിച്ചിട്ടുണ്ട്. ആന്റി-ഏജിങ്, ആരോഗ്യം മെച്ചപ്പെടുത്തൽ, സൗന്ദര്യ സംരക്ഷണം തുടങ്ങിയവക്കുള്ള പരിഹാര മാർഗങ്ങളിലും അവർ ശ്രദ്ധിക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സഹകരണത്തിലൂടെ കേന്ദ്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുകയും ആഗോള ആരോഗ്യ സംരക്ഷണത്തിൽ വലിയ ഘടകമായി വർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടനശേഷം 155 കൊറിയൻ, അന്തർദേശീയ ആരോഗ്യ പ്രവർത്തകരുള്ള മെഡിക്കൽ സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും പ്രധാനമന്ത്രിയും സംഘവും ചുറ്റിക്കണ്ടു. കെ.എം.സി മെഡിക്കൽ ഡയറക്ടറും എക്സിക്യൂട്ടിവ് ഹെൽത്ത് ഡയറക്ടറുമായ ഡോ. ലീ സൺപ്യോയും സവിശേഷതകൾ വിശദീകരിച്ചു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, ഖത്തറിലെ കൊറിയൻ അംബാസഡർ ജൂൻ ഹോ-ലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇസ്തിസ്മാർ ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ബോർഡ് അധ്യക്ഷൻ മുഅ്തസ് അൽ ഖയ്യാത്ത്, ഉപാധ്യക്ഷനും പ്രസിഡന്റുമായ റാമിസ് അൽ ഖയ്യാത്ത്, ഗ്രൂപ് സി.ഇ.ഒ എൻജി. മുഹമ്മദ് ബദർ അൽ സാദ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എലഗൻസിയ ഹെൽത്ത് കെയർ സി.ഇ.ഒ ജോസഫ് ഹേസൽ, കെ.എം.സി ജനറൽ മാനേജർ ഡോ. അഹ്മദ് അൽ കല്ല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

