ദോഹ: അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ഖത്തർ കളിച്ചേക്കും. ആസ്പയർ അക്കാദമി ഡയറക്ടർ ജനറൽ ഇവാൻ ബ്രാവോയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായി ബ്രസീലിനെയും അർജൻറീനയെയും പോലെയുള്ള ലോകോത്തര ടീമുകളൾക്കെതിരെ പന്തുതട്ടാനുള്ള സാധ്യതകൾ ഖത്തറിന് തെളിഞ്ഞിരിക്കുന്നു. അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഖത്തറിന് ലഭിച്ചിരിക്കുന്നു. 2022ലോകകപ്പ് ആതിഥേയരെന്ന നിലയിൽ ലോകകപ്പിൽ ആദ്യമായി പന്തു തട്ടാനിറങ്ങുന്ന ഖത്തറിന് വലിയ ടീമുകളുമായി മത്സരിച്ച് പരിചയസമ്പത്തുണ്ടാക്കുന്നതിനുള്ള സുവർണാവസരം കൂടിയാണിതെന്നും ഇവാൻ ബ്രാവോ വെളിപ്പെടുത്തി. ബിൽ ബാവോയിൽ രാജ്യാന്തര ഫുട്ബോൾ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രസീലിൽ നടക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ കളിക്കുന്ന കാര്യം ഉറപ്പാക്കി ബ്രസീലിയൻ വെബ്സൈറ്റ് ഗ്ലോബോഎസ്പോർട്ട് ഡോട്ട് കോം രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിന് പുറമേ ഏഷ്യയിൽ നിന്നും ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളും വടക്കെ അമേരിക്കയിൽ നിന്നും മെക്സിക്കോയും പങ്കെടുക്കും. തെക്കേ അമേരിക്കയിൽ നിന്നുള്ള 10 രാജ്യങ്ങൾക്ക് പുറമേ ആറ് രാജ്യങ്ങളാണ് ഇതാദ്യമായി കോപ്പാ അമേരിക്കയിൽ പന്തു തട്ടാനിറങ്ങുന്നത്.
മറ്റു രണ്ട് ടീമുകളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. 2015ൽ ബ്രസീലിലായിരുന്നു കോപാ അമേരിക്ക ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്.
എന്നാൽ ബ്രസീൽ ആതിഥേയത്വം വഹിച്ച 2013ലെ കോൺഫെഡറേഷൻ കപ്പ്, 2014ലെ ലോകകപ്പ്, 2016ലെ ഒളിംപിക്സ് എന്നീ കാരണത്താലാണ് അന്ന് ചിലിക്ക് അവസരം നൽകിയത്. 2019ൽ തിരിച്ച് ബ്രസീലിന് നൽകാമെന്ന കരാർ വ്യവസ്ഥയിന്മേലാണ് അടുത്ത വർഷം ബ്ര സീലിൽ കോപ്പാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കോപാ അമേരിക്കയിലെ നിലവിലെ ജേതാക്കൾ ചിലിയാണ്. 2020 മുതൽ തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോളും വടക്കേ അമേരിക്കൻ കോൺഫെഡറേഷനായ കോൺകകാഫും സംയുക്തമായാണ് കോപാ അമേരിക്ക ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ ചാമ്പ്യൻഷിപ്പിന് അമേരിക്ക ആതിഥ്യം വഹിക്കും.