'അറിവാണ് വെളിച്ചം'; അക്ഷരവസന്തം പിറന്നു
text_fieldsദോഹ രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പവലിയൻ സന്ദർശിക്കുന്നു
ദോഹ: 'അറിവാണ് വെളിച്ചം' എന്ന സന്ദേശവുമായി ഖത്തറിന്റെ അക്ഷര ഉത്സവത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. സാഹിത്യപ്രേമികൾക്കും അക്ഷര കുതുകികൾക്കും മുമ്പാകെ വിവിധ ഭാഷകളിലെ വായനയുടെ വസന്തം തുറന്നുകൊണ്ടാണ് 10 ദിവസത്തെ രാജ്യാന്തര പുസ്തകമേളക്ക് തിരിശ്ശീല ഉയർന്നത്. കോവിഡിന്റെ ഭീതികൾക്കും ദിനംപ്രതി ഉയരുന്ന കേസുകൾക്കുമിടയിലും വായനോത്സവത്തിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി 31ാമത് പുസ്തകമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർഹവിച്ചു. തുടർന്ന്, പുസ്തകമേളയിലെ ഓരോ പവലിയനുകളും പ്രസാധക ശാലകളും സന്ദർശിച്ച് അദ്ദേഹം പുസ്തകമേളയുടെ ഭാഗമായി മാറി.
ഖത്തറിലെയും വിവിധ അറബ് രാജ്യങ്ങളിലെയും വിദേശങ്ങളിലെയും പ്രസിദ്ധീകരണ കേന്ദ്രങ്ങളും ഏറ്റവും പുതിയ പുസ്തകങ്ങളും അടുത്തറിഞ്ഞു. മേളയുടെ പ്രധാന ആകർഷകമായ അമേരിക്കൻ പവലിയനും പ്രധാനമന്ത്രി സന്ദർശിച്ചു. ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം 2021ന്റെ ഭാഗമായി ഇത്തവണ അമേരിക്കയാണ് പുസ്തകമേളയിലെ അതിഥിരാജ്യം. കുട്ടികൾക്കുള്ള പുസ്തകവും വിനോദവുമായി ഒരുങ്ങിയ ക്രിയേറ്റേഴ്സ് ഗാർഡൻ, ദി അകാസ് സെന്റർ, യൂത്ത് ഹോബീസ് സെന്റർ, വിഷ്വൽ ആർട്സ് സെന്റർ എന്നിവയും സന്ദർശിച്ചു. ചിത്രപ്രദർശനങ്ങൾ, പെയിന്റിങ്, ചിത്രരചനകൾ തുടങ്ങിയവയും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ വിവിധ മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി വിശിഷ്ടാതിഥികൾ പങ്കെടുത്തു. ഖത്തർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് സെൻററുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയമാണ് പുസ്തകമേളയുടെ സംഘാടകർ. 37 രാജ്യങ്ങളിൽനിന്നായി 430 പ്രസാധകരുടെയും 90 ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. ദോഹ ബുക്ഫെയർ വെബ്സൈറ്റ് വഴി മുൻകൂർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണമെന്ന നിർദേശവുമുണ്ട്.
രാവിലെ ഒമ്പതു മുതൽ രാത്രി 10വരെയാണ് പ്രവേശനം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി , കതാറ പബ്ലിഷിങ് ഹൗസ്, ഖത്തർ യൂനിവേഴ്സിറ്റി, റോസ, സക്രീത് പബ്ലിഷിങ് ഹൗസ്, ദാർ അൽ വതാദ്, ദാർ അൽ ശർഖ് തുടങ്ങിയ പ്രമുഖ ഖത്തരി പ്രസാധനാലയങ്ങൾക്ക് പുറമെ ഫലസ്തീൻ, സിറിയ, ജപ്പാൻ, ദക്ഷിണ കൊറിയ, കിർഗിസ്താൻ, ഇന്തോനേഷ്യ, റഷ്യ, ഇറ്റലി, ഫ്രാൻസ് എന്നീ എംബസികളും അസർബൈജാൻ സാംസ്കാരിക മന്ത്രാലയവും മേളയിൽ പങ്കെടുക്കുന്നുണ്ട്. മലയാളത്തിൽനിന്ന് ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് മാത്രമാണുള്ളത്. എന്നാൽ, ഇംഗ്ലീഷ് വായന തിരഞ്ഞെടുക്കുന്നവർക്ക് മുമ്പാകെ കുട്ടികൾക്കായുള്ള സാഹിത്യവും വിനോദവും മുതൽ ഗൗരവതരമായ രചനകൾ വരെ ഉൾക്കൊള്ളുന്ന ലോകപ്രശസ്ത പ്രസാധകരും മേളയിലുണ്ട്.
വിപുലമായ ശേഖരമായ അമേരിക്കൻ പവലിയൻ
ഖത്തർ -അമേരിക്ക സാംസ്കാരിക സൗഹൃദത്തിന്റെ ആഘോഷമായി ഒരുക്കുന്ന അമേരിക്കൻ പവലിയനാണ് മേളയിലെ ആകർഷകം. 70,000 പുസ്തകങ്ങളാണ് പവലിയനിലുള്ളത്. കുട്ടികൾക്കായുള്ള രചനകൾ മുതൽ ബെസ്റ്റ് സെല്ലറുകൾ വരെ നീളുന്ന വിപുലമായ ശേഖരം.
ഇരുരാജ്യങ്ങളും തമ്മിലെ സാഹിത്യ, അക്കാദമിക്, പ്രഫഷനൽമികവ് ലക്ഷ്യമിട്ടാണ് പവലിയൻ ഒരുക്കുന്നതെന്ന് അമേരിക്കൻ എംബസി ഷെർഷെ ദി അഫേഴ്സ് നതാലി എ ബാകർ പറഞ്ഞു. ചലച്ചിത്ര പ്രദർശനം, അമേരിക്കയിലെ ഉന്നതപഠനം സംബന്ധിച്ച കൗൺസലിങ്, കോൺസുലാർ ഇൻഫർമേഷൻ സെഷൻ എന്നിവയും ഉൾപ്പെടുന്നുണ്ട്. ജനുവരി 16ന് രാത്രി എട്ടിന് അമേരിക്കൻ എയർഫോഴ്സ് ബാൻഡിന്റെ സംഗീതപരിപാടിയുമുണ്ടാവും.
ജമീൽ അഹമ്മദിന്റെ '1921 പോരാട്ടത്തിന്റെ കിസ്സകൾ' ഫരീദ് ഖലീൽ സിദ്ദീഖി പി.പി. അബ്ദുറഹീമിനു നൽകി പ്രകാശനം ചെയ്യുന്നു
പുസ്തക പ്രകാശനം
ദോഹ: ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ജമീൽ അഹമ്മദിന്റെ '1921 പോരാട്ടത്തിന്റെ കിസ്സകൾ' എന്ന പുസ്തകം ദോഹ രാജ്യാന്തര പുസ്തകമേളയിലെ പവലിയനിൽ പ്രകാശനം ചെയ്തു. ഫരീദ് ഖലീൽ സിദ്ദീഖി ഐ.പി.എച്ച് ബുക്ക്ഫെയർ ചെയർമാൻ പി.പി. അബ്ദുറഹീമിന് കൈമാറി പ്രകാശനം നിർവഹിച്ചു. ജനറൽ കൺവീനർ അസ്ഹർ അലി, മുഹമ്മദ് സലീം, ബഷീർ അഹമ്മദ്, ഹഫീസുല്ല എന്നിവർ പങ്കെടുത്തു..