കെ.എൻ. സുലൈമാൻ മദനിക്ക് യാത്രയയപ്പ് നൽകി
text_fieldsയാത്രയയപ്പ് ചടങ്ങിൽ കെ.എൻ. സുലൈമാൻ മദനിക്ക് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ.എൻ. സുലൈമാൻ മദനി, കേന്ദ്ര കൗൺസിൽ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എം.ജി.എം പ്രവർത്തകസമിതി അംഗം ഹാജറ ടീച്ചർ എന്നിവർക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി അലി ചാലിക്കര, എം.ജി.എം പ്രസിഡന്റ് ജാസ്മിൻ നസീർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
2002ൽ ദോഹയിലെത്തിയ മദനി ദീർഘകാലം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധതലങ്ങളിൽ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വിലയേറിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ദീർഘകാലം ബുഖാരി മസ്ജിദിലും മിസില ഈദ് ഗാഹ് മസ്ജിദിലും ജുമുഅ ഖുതുബയും ഈദ് ഖുതുബയും മലയാളികൾക്കുവേണ്ടി പരിഭാഷപ്പെടുത്തി. ഇസ്ലാഹി സെന്റർ ദഅവാ വിഭാഗത്തിനു കീഴിലുള്ള ജവാബ്.കോം എന്ന ചോദ്യോത്തര ഗ്രൂപ്പിൽ ഉത്തരം നൽകുന്ന പണ്ഡിത സഭയിലെ അംഗം കൂടിയാണ് സുലൈമാൻ മദനി.
കേന്ദ്ര കൗൺസിൽ അംഗമായ റഫീഖ് ആലിയാട്ട് സെന്ററിന്റെ വളണ്ടിയർ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. വിവിധ ടേമുകളിൽ എം.ജി.എം സെക്രട്ടേറിയറ്റ് അംഗമെന്ന നിലക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വമായിരുന്നു ഹാജറ ടീച്ചർ. കെ.എൻ. സുലൈമാൻ മദനിയുടെ ഭാര്യയായ ടീച്ചർ നിരവധി വർഷങ്ങൾ മദ്റസ അധ്യാപികയായും സേവനം അനുഷ്ഠിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിൽ ട്രഷറർ അഷ്റഫ് മടിയാരി, വൈസ് പ്രസിഡന്റ് സിറാജ് ഇരിട്ടി, സെക്രട്ടറി മുജീബ് മദനി, ഉമർ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

