‘ചരിത്ര, പൈതൃക സംരക്ഷണത്തിൽ പ്രവാസികൾക്ക് പങ്കുവഹിക്കാനാകും’
text_fieldsഗ്രെയ്സ് എജുക്കേഷനൽ അസോസിയേഷൻ നേതാക്കൾക്ക് കെ.എം.സി.സി നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പി.എ. റഷീദ് സംസാരിക്കുന്നു
ദോഹ: ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള മേഖലകളിൽ പ്രാധാന്യപൂർവം ഊന്നൽ നൽകാനുള്ള ജാഗ്രത പ്രവാസി സാംസ്കാരിക സംഘടനകൾ പ്രാസ്ഥാനിക പ്രവർത്തനങ്ങളുടെ ഭാഗമായി കാണിക്കണമെന്ന് കേരള ഗവ.പബ്ലിക് റിലേഷൻസ് മുൻ ഡെപ്യൂട്ടി ഡയറക്ടറും ചിന്തകനും പ്രഭാഷകനുമായ പി.എ. റഷീദ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തിപകരുമ്പോൾ തന്നെ നമ്മുടെ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള കൂടുതൽ ഗൗരവപൂർവമായ ശ്രമങ്ങൾ അനിവാര്യമാണ്.
ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ ചരിത്രം വികൃതമാക്കാൻ ഫാഷിസ്റ്റ് നീക്കം വ്യാപകമാകുന്ന ഇക്കാലത്ത് നാം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിന്റെ ഭാഗമായി ബഹുമുഖ പദ്ധതികളുമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് എജുക്കേഷനൽ അസോസിയേഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനുംവേണ്ടി ഖത്തറിൽ എത്തിയ നേതാക്കൾക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രവും പൈതൃകവും തെറ്റായി വ്യാഖ്യാനിക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ അവയെ നേരായി സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്ന മഹാദൗത്യം ഗ്രെയിസ് നിർവഹിക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിന്റെ ഡോണർ ഓര്ഗനൈസേഷന് കൂടിയായ ഗ്രെയ്സ് സർവകലാശാല കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ സെക്രട്ടറി ഡോ. മുജീബ് റഹ്മാൻ വിശദീകരിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി 2004ല്‍ രൂപവത്കൃതമായതാണ് ഗ്രെയ്സ് എജുക്കേഷനല്‍ അസോസിയേഷന്. ന്യൂനപക്ഷ സമൂഹത്തിന്റെ പൈതൃകവും ചരിത്രവും സംരക്ഷിക്കാനും അതു ഭാവി തലമുറക്ക് പ്രയോജനപ്പെടുത്താനും അതു സംബന്ധിയായ രചനകള്‍ പ്രസിദ്ധീകരിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക് മുതല്ക്കൂട്ടാവാനുമെല്ലാം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ് അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ മമ്മുണ്ണി ഹാജിയുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് നേതാവ് ആഷിഖ് പാലക്കാട് സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, ടി.ടി.കെ ബഷീർ, പുതുക്കുടി അബൂബക്കർ, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, വി.ടി.എം. സാദിഖ് ഫൈസൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

