ദോഹ: ബഹുസ്വരതയുടെ മനോഹര ഭൂമിയായ ഇന്ത്യയുടെ ആത്മാവ ിൽ കഠാര കുത്തിയിറക്കുകയാണ് ഫാഷിസ്റ്റ് ശക്തികൾ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻ കുട്ടി പറഞ്ഞു. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളെ വരെ വെട്ടിനിരത്തിയാണ് അവർ മുന്നേറുന്നത്. വിമർശനങ്ങളോട് ഭീകരമായ അസഹിഷ്ണുതയാണ് അവർ വെച്ചുപുലർത്തുന്നത്.
‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുസ്ലിം ലീഗ് കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ആദരിച്ചിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇന്ത്യ ഭരിക്കുമ്പോൾ തന്നെ നിശിതമായി വിമർശിച്ചിരുന്ന മാധ്യമപ്രവർത്തകരോടും തന്നെ ആക്ഷേപിച്ച് കാർട്ടൂണുകൾ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകളോടും നല്ല സൗഹൃദം പോലും കാത്തുസൂക്ഷിച്ചിരുന്നു. ഇത് പുതിയ കാലത്ത് പ്രസക്തമാണ്.
പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ആളുകളെ കൂടെ കൂട്ടുകയാണ് ഫാഷിസം. ഇതിെൻറ തെളിവാണ് നോട്ടുകെട്ടുകൾ കൊണ്ട് ആളുകളെ വിലക്കെടുക്കുന്നതും അതിനു തയാറല്ലാത്തവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്നതും. ഏകാധിപത്യ പ്രഖ്യാപനങ്ങൾ പലതും മന്ത്രിസഭാംഗങ്ങൾ പോലും അറിയുന്നില്ല. ജനാധിപത്യ പ്രബുദ്ധതക്ക് നിരക്കാത്ത വിധമാണ് അസം, കശ്മീർ വിഷയങ്ങൾ കൈകാര്യം ചെയ്തത്.
രാഷ്ട്രപതിയായിരുന്ന ഫഖ്റുദ്ദീൻ അലി അഹമ്മദിെൻറ കുടുംബത്തെ പോലും പൗരത്വ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത് ഇതിന് തെളിവാണ്. കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ജാഫർ സാദിഖും സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീൾ അധ്യക്ഷത വഹിച്ചു. യു.എ. മുനീർ സംസാരിച്ചു. പി.വി മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും ട്രഷറർ കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു.