കെ.എം.സി.സി നവോത്സവ്: കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാർ
text_fieldsകെ.എം.സി.സി നവോത്സവ് കല-കായിക മത്സരങ്ങളുടെ സമാപന പരിപാടിയിൽ ഭാരവാഹികൾ വിജയികളെ പ്രഖ്യാപിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് കല-കായിക മത്സരങ്ങളിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കല-കായിക മത്സരങ്ങളിൽ എട്ട് ജില്ല -ഏരിയ ടീമുകളാണ് പങ്കെടുത്തത്. കോഴിക്കോട് 122 പോയന്റ് നേടി ഒന്നാമതെത്തിയപ്പോൾ, 110 പോയന്റുമായി പാലക്കാട് ജില്ല രണ്ടാമതെത്തി. 105 പോയന്റ് നേടിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 40 പോയന്റ് നേടിയ തൃശൂർ ജില്ലയാണ് നാലാം സ്ഥാനത്ത്.
കാസർകോട് (37), കണ്ണൂർ (34), അൽഖോർ (11) എന്നിവരാണ് മറ്റു സ്ഥാനക്കാർ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൾഡ് ഐഡിയൽ സ്കൂളിൽവെച്ച് നടന്ന കലാമത്സരങ്ങളുടെ സമാപനം പ്രേക്ഷകരുടെ സാന്നിധ്യംകൊണ്ടും മത്സരങ്ങളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. മോണോ ആക്ട്, സംഘഗാനം, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട്, കോൽക്കളി, വട്ടപ്പാട്ട്, സ്കിറ്റ് എന്നീ മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ നടന്നത്.
2024 നവംബർ 16ന് ഐ.സി.സി അശോക ഹാളിൽ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനംചെയ്ത നവോത്സവ് സംസ്ഥാന കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെയും വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംവലി, മാർച്ച് പാസ്റ്റ്, ഫീൽഡ് ആൻഡ് ട്രാക്ക് മത്സരങ്ങൾ തുടങ്ങിയ കായിക മത്സരങ്ങളും നടന്നു.
ഓൾഡ് ഐഡിയ സ്കൂളിൽവെച്ച് നടന്ന സമാപന പരിപാടിയിൽ സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദുസ്സമദ്, സലീം നാലകത്ത്, പി.എസ്.എം ഹുസൈൻ, അൻവർ ബാബു, പി.കെ. അബ്ദു റഹീം, ടി.ടി.കെ ബഷീർ, ആദം കുഞ്ഞി, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, നവോത്സവ് സംഘാടക സമിതി നേതാക്കൾ എന്നിവർ നേതൃത്വം നൽകി. ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ, പി.വി മുഹമ്മദ് മൗലവി, സമിതി അംഗങ്ങൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, സബ് കമ്മിറ്റികൾ, എന്നിവയുടെ ഭാരവാഹികളും കൗൺസിലർമാരും പ്രവർത്തകരും കുടുംബങ്ങളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

