കെ.എം.സി.സി ബാഡ്മിൻറൺ സൂപ്പർ കിങ്സ് ജേതാക്കൾ
text_fieldsകെ.എം.സി.സി സ്പോർട്സ് വിങ് നടത്തിയ ഒന്നാമത് അഖിലേന്ത്യ ബാഡ്മിൻറൺ ടൂർണമെൻറിലെ ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫി നൽകിയപ്പോൾ
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച ഒന്നാമത് അഖിലേന്ത്യ ബാഡ്മിൻറൺ ടൂർണമെൻറിൽ ടീം സൂപ്പർ കിങ്സ് ജേതാക്കളായി. ടീം യൂനിക്കിനെ തുടർച്ചയായ രണ്ട് സെറ്റുകളിൽ പരാജയപ്പെടുത്തിയായിരുന്നു വിജയം. കെ.എം.സി.സി വടകര ടൗൺ ടീമും ടീം മാസ്റ്റേഴ്സും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. കിരീടം നേടിയ സൂപ്പർ കിങ്സിെൻറ റെഹാൻ അർഷാദ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും ബിർള സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമാണ്. അർജുൻ ഷൈൻ തിരുവനന്തപുരം സ്വദേശിയും എം.ഇ.എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. റണ്ണർ അപ്പായ ടീം യൂനിക്കിൽ മിഥുൻ ജോസും അജു ഇമ്മാനുവലുമാണ് കളിച്ചത്.
ഒന്നാം സ്ഥാനക്കാർക്ക് രണ്ടായിരം ഖത്തർ റിയാൽ പ്രൈസ് മണിയും ട്രോഫിയും ഖത്തർ കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം. ബഷീറും ഇന്ത്യൻ സ്പോർട്സ് സെൻറർ വൈസ് പ്രസിഡൻറ് ഷറഫ് പി. ഹമീദും ചേർന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള 1000 ഖത്തർ റിയാൽ പ്രൈസ് മണിയും ട്രോഫിയും കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂരും കേശവ്ദാസ് നിലമ്പൂരും ചേർന്ന് സമ്മാനിച്ചു. ടൂർണമെൻറിൽ എമെർജിങ് പ്ലയർ അവാർഡിന് റാദി നജീബും ഫാഇസ് അഹ്മദും അർഹരായി. 29, 30 തീയതികളിലായി അൽവക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ഖത്തറിലെ പ്രമുഖരായ 16 പ്രവാസി ടീമുകളാണ് പങ്കെടുത്തത്. ബാഡ്മിൻറൺ അസോസിയേഷനിലെ പ്രമുഖരായ റഫറിമാർ ആയിരുന്നു ടൂർണമെൻറ് നിയന്ത്രിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ടൂർണമെൻറ്. ഖത്തർ കെ.എം.സി.സി സ്പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു.
ക്ലോസിങ് സെറിമണി എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സ്പോർട്സ് വിങ് കൺവീനർ ഇബ്രാഹിം പരിയാരം, ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് പവൻ കുമാർ, ഡോം ഖത്തർ പ്രസിഡൻറ് വി.സി. മഷ്ഹൂദ് എന്നിവർ സംസാരിച്ചു. ഖത്തർ കെ.എം.സി.സി സ്പോർട്സ് വിങ് ഭാരവാഹികളായ അബ്ദുൽ അസീസ് എടച്ചേരി, സിദ്ദീഖ് പറമ്പൻ, അജ്മൽ തെങ്ങലക്കണ്ടി, സി.കെ. നൗഫൽ, മുജീബ് കോയിശ്ശേരി, മുഹമ്മദ് ബായാർ, ഷൗക്കത്ത് എലത്തൂർ, സമീർ പട്ടാമ്പി, നിയാസ് മൂർക്കനാട്, റസീൽ പെരിന്തൽമണ്ണ, റാഷിദ് പെരിന്തൽമണ്ണ, ജൂറൈജ് വാഴക്കാട്, നൗഫൽ പുല്ലൂക്കര എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

