ഈസക്കയുടെ ഓർമകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കാനൊരുങ്ങി കെ.എം.സി.സി
text_fieldsകെ.എം.സി.സി മുഹമ്മദ് ഈസ സ്മരണികയുടെ വിശദാംശങ്ങൾ ഭാരവാഹികൾ പ്രഖ്യാപിക്കുന്നു
ദോഹ: കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച കലാ, കായിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന കെ. മുഹമ്മദ് ഈസയുടെ ഓർമകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം പങ്കുവെക്കുന്ന സ്മരണിക വരുംതലമുറക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക.
ഖത്തറിലെയും നാട്ടിലെയും വിവിധ സംഘടന പ്രതിനിധികളും, സംഗീതലോകത്തെയും കായികലോകത്തെയും പ്രശസ്തരും പ്രതിഭകളും, ഈസക്കയുമായുള്ള ആഴമേറിയ അനുഭവങ്ങൾ പങ്കുവെക്കുന്ന സ്മരണിക പ്രൗഢഗംഭീരമായ സദസ്സിൽ ഖത്തറിലും നാട്ടിലും പ്രകാശനം ചെയ്യും.
പ്രകാശന ചടങ്ങിൽ വിവിധ കാലങ്ങളിലുള്ള ചിത്രങ്ങളും വിഡിയോയുമുൾപ്പെടുത്തിക്കൊണ്ടുള്ള ഈസക്കയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. സ്മരണികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു.
നാട്ടിലും മറുനാട്ടിലുമായി മത രാഷ്ട്രിയ കലാ കായിക ജീവ കാരുണ്യ സേവന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും രേഖപ്പെടുത്തുന്നതായിരിക്കും സ്മരണികയെന്ന് ഭാരവാഹികൾ പറഞ്ഞു.
വ്യക്തിപരമായ ഓർമകൾ, അനുഭവങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ മാർച്ച് 30ന് മുമ്പായി kmccstate@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. തുമാമ കെ.എം.സി.സി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുൽ നാസർ നാച്ചി, അൈഡ്വസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് എന്നിവർ പങ്കെടുത്തു.
പ്രസിദ്ധീകരണ കമ്മിറ്റി ചെയർമാനായി ഡോ. അബ്ദുൽ സമദിനെയും, ജനറൽ കൺവീനറായി സലിം നാലകത്തിനെയും തെരഞ്ഞെടുത്തു. സി.പി സൈതലവി, ഷരീഫ് സാഗർ, എസ്.എ.എം ബഷീർ, കമാൽ വരദൂർ, സലീം നാലകത്ത് എന്നിവരാണ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

