ആകാശച്ചെരുവിലെ പട്ടം മേള; ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsദോഹ: ഖത്തറിലെ ശൈത്യകാല വിനോദങ്ങളിൽ ജനപ്രിയമായ 'ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്' ഇന്ന് തുടക്കം. ദോഹയുടെ ആകാശത്ത് ഭീമൻ പട്ടം പറത്തൽ പ്രദർശനങ്ങളുടെ അവിസ്മരണീയ കാഴ്ചകളൊരുക്കിയാണ് നാലാമത് കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രഫഷനൽ പട്ടം പറത്തൽ ടീമുകൾ മാറ്റുരക്കുന്ന ഫെസ്റ്റിവലിൽ, വൈവിധ്യമാർന്ന കുടുംബ വിനോദ പരിപാടികളും കോർത്തിണക്കിക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ഓൾഡ് ദോഹ പോർട്ടിൽ പകലും രാത്രിയുമായി നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടിയിൽ പട്ടങ്ങളുടെ ദൃശ്യവിസ്മയമാകും ഇവർ ആകാശത്ത് ഒരുക്കുന്നത്. ജനുവരി 24 വരെ മേള നീണ്ടുനിൽക്കും. കുട്ടികൾക്കുവേണ്ടി പട്ടം നിർമാണ വർക്ക്ഷോപ്പുകൾ, സൗജന്യമായി പട്ടം നൽകുന്ന പരിപാടി, കിഡ്സ് സോണുകൾ, പ്ലേ ഗ്രൗണ്ടുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കലാ പ്രകടനങ്ങൾ, കാർണിവൽ പരേഡുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ ഫുഡ് കോർട്ടുകളും വേദിക്കരികിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ, ഇത്തവണയും ആയിരക്കണക്കിന് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

