ഒരുപതിറ്റാണ്ട്; പത്തരമാറ്റ് തിളക്കം
text_fieldsദോഹ: അറേബ്യൻ ഉൾക്കടലിലേക്ക് ഒരു പൊട്ടുപോലെ ഇറങ്ങിനിൽക്കുന്ന കൊച്ചുരാജ്യം ഇന്ന് ലോകത്തിനുതന്നെ തിലകക്കുറിയാണ്. വലുപ്പത്തിൽ ചെറുപ്പമെങ്കിലും കർമംകൊണ്ട് ലോകത്തോളം തന്നെ ഉയർന്ന ഖത്തറിന്റെ ഭരണസാരഥ്യത്തിൽ രാഷ്ട്രനായകന് ഇന്ന് ഒരു പതിറ്റാണ്ടിന്റെ തിളക്കം. 2013 ജൂൺ 25നായിരുന്നു ഖത്തറിന്റെ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്ഥാനമേറ്റത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പിൻഗാമിയായി ഭരണമേറ്റെടുത്ത് ഒരു പതിറ്റാണ്ടു കാലം ഇന്ന് പൂർത്തിയാവുമ്പോൾ ഖത്തർ നക്ഷത്രശോഭയോടെ ലോകത്തിന്റെ നെറുകയിലാണ്.
സ്ഥാനാരോഹണത്തിന്റെ ആദ്യ പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ വർഷങ്ങളായി ഈ നാട് കാത്തിരുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഏറ്റവും വിജയകരമായ സംഘാടനം ഒരുക്കിയെന്ന മികവ് കൂടിയുണ്ട്. 2010ൽ ലോകകപ്പ് വേദിയായ ഖത്തറിനെ തെരഞ്ഞെടുത്ത് ഏതാനും വർഷങ്ങൾക്കുള്ളിലായിരുന്നു അമീറായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്ഥാനമേറ്റത്. അന്ന് മുതൽ ആ ലക്ഷ്യത്തിനായി ഒരു രാജ്യവും ജനതയും ഒന്നിച്ച് പണിയെടുത്തു.
ഒടുവിൽ, കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മനോഹരമായ ലോകകപ്പിന് സംഘാടനം വഹിച്ച് ഖത്തർ ചരിത്രം കുറിച്ചപ്പോൾ, ഈ അറേബ്യൻ മണ്ണും ഭരണാധികാരികളും ആയിരുന്നു ലോകത്തോളം വലുപ്പത്തിലേക്കുയർന്നത്. മുൻഗാമികളുടെ വഴിയെ നടന്ന്, ചുരുങ്ങിയ കാലത്തിനുള്ളിൽ ഖത്തറിനെ ആഗോള തലത്തിൽ മുൻപന്തിയിലെത്തിച്ച രാഷ്ട്രനായകനാണ് ജനങ്ങളുടെ പ്രിയപ്പെട്ട അമീർ.
സാമ്പത്തിക കരുത്ത് എന്നതിനൊപ്പം അന്താരാഷ്ട്ര നയതന്ത്രത്തിലും ലോകാതിർത്തികൾ കടന്ന് അനുകമ്പയും സ്നേഹവും ഒഴുകുന്ന നാടായുമെല്ലാം ഖത്തറിനെ അടയാളപ്പെടുത്തുന്നു. വളർച്ചയും വികസനവും ആധാരമാക്കിയുള്ള പല സൂചികകളിലും പട്ടികയിലും വൻ രാജ്യങ്ങളെയെല്ലാം ഖത്തർ പിന്നിലാക്കിക്കഴിഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക രംഗങ്ങളിൽ കൂടുതൽ നേട്ടംകൊയ്തു. കൃത്യമായ ആസൂത്രണവും തന്ത്രപ്രധാന കാഴ്ചപ്പാടുകളും ഭാവിയിലേക്കുള്ള ഉൾക്കാഴ്ചയും നയനിലപാടുകളും പല മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിൽ നിർണായക ഘടകങ്ങളായി. ആധുനിക ഖത്തറിന്റെ ശിൽപിയായ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും തുടർച്ചക്കായിരുന്നു കഴിഞ്ഞ പത്തു വർഷവും ഖത്തറും ജനതയും സാക്ഷ്യം വഹിച്ചത്.
ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധികാരമേറ്റെടുത്ത് പത്തു വർഷം പിന്നിടുമ്പോൾ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിലടക്കം പുതിയ യാത്രക്ക് ഖത്തർ തുടക്കംകുറിച്ചുകഴിഞ്ഞിട്ടുണ്ട്. വികസനത്തിന്റെയും വളർച്ചയുടെയും പര്യായമെന്നനിലയിൽ അന്താരാഷ്ട്ര വേദികളിലും ഫോറങ്ങളിലും ഖത്തർ എന്ന നാമം നിരന്തരം പരാമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. മുൻഗണനാവിഷയങ്ങളിൽ മനുഷ്യത്വത്തിന് മുൻനിര സ്ഥാനം നൽകികൊണ്ടുള്ള ഭരണ നയം. നിരവധി മേഖലകളിൽ വളർച്ചയും പുരോഗതിയും കൈവരിക്കുമ്പോൾതന്നെ ഭൂമിയിൽ മനുഷ്യന്റെ അന്തസ്സിനും അവകാശത്തിനും ക്ഷേമത്തിനും വലിയ പ്രാധാന്യം നൽകി.
പവർ ഹൗസ്
ലോകം ഊർജപ്രതിസന്ധിയിൽ അകപ്പെടുമ്പോൾ കണ്ണുകളെല്ലാം ഖത്തറിലേക്കാവും. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാർ എന്നനിലയിൽ രാജ്യങ്ങളെല്ലാം ആശ്രയിക്കുന്ന ശക്തിയാണ് ഖത്തർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തോടെ ഖത്തറിൽ നിന്നുള്ള പ്രകൃതിവാതകത്തിന് ആവശ്യക്കാരും നിരവധിയായി. നോർത്ത് ഫീൽഡ് പ്രോജക്ട് ഉൾപ്പെടെ വൻകിട സംരംഭങ്ങളുമെല്ലാമായി ഖത്തർ ലോകത്തിന്റെ പവർഹൗസ് ആവുന്നു.
ലോകത്തെ നയിക്കുന്ന നയതന്ത്രം
നയതന്ത്രമേഖലയിൽ ഖത്തറിന്റെ ശബ്ദത്തിന് ഇന്ന് പ്രസക്തി ഏറെയുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളിലും സംഘർഷങ്ങളിലുമെല്ലാം ഇടപെട്ട് സമാധാന നിർവഹണത്തിൽ ശ്രദ്ധേയമാവുന്നു. അഫ്ഗാനിലെയും സിറിയയിലെയും സുഡാനിലെയും സംഘർഷങ്ങളിൽ സമാധാന ദൗത്യവും ജീവകാരുണ്യവുമായി എന്നും മുന്നിലുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഇറാനിന്റെ ആണവചർച്ചകളിലും മധ്യസ്ഥറോളിലുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായുമെല്ലാം ഊഷ്മളസൗഹൃദം.
കായികലോകത്ത് നായകർ
ലോകകപ്പ് ഫുട്ബാളിന്റെ സംഘാടനംതന്നെ മതിയാവും സ്പോർട്സ് ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്താൻ. വരാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ, ഫിഫ ബാസ്കറ്റ്ബാൾ ലോകകപ്പ്, ഫോർമുല വൺ ചാമ്പ്യൻഷിപ് അങ്ങനെ തുടങ്ങി ഒരുപിടി കായികമേളകൾക്ക് വേദിയാണ് ഖത്തർ. ഒപ്പം ഒളിമ്പിക്സിലും ഫുട്ബാളിലും ഉൾപ്പെടെ കായിക കരുത്തിലും അടിസ്ഥാന സൗകര്യങ്ങളിലും രാജ്യം ദിശാബോധത്തോടെ കുതിക്കുന്നു.
പ്രവാസികൾക്ക് പ്രിയങ്കരൻ
പൗരന്മാർക്കും അതോടൊപ്പം ലക്ഷങ്ങൾ വരുന്ന പ്രവാസികൾക്കും ഒരുപോലെ കരുതൽനൽകുന്നു. തൊഴിൽസുരക്ഷ, മികച്ചവേതനം, ജീവിതനിലവാരം എന്നിങ്ങനെ പ്രവാസികളുടെ ക്ഷേമത്തിൽ ഏറെ തൽപരതയുള്ള ഭരണനേതൃത്വം. കോവിഡ് കാലത്തും ഈ കരുതൽ ഓരോ പ്രവാസിയും അനുഭവിച്ചറിഞ്ഞതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

