വൃക്ക-കരൾമാറ്റ ശസ്ത്രക്രിയ: വൻ നേട്ടവുമായി എച്ച്.എം.സി
text_fieldsവൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവരെ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി
ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി സന്ദർശിച്ചപ്പോൾ
ദോഹ: വൃക്ക-കരൾമാറ്റ ശസ്ത്രക്രിയരംഗത്ത് ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) വൻനേട്ടം. ഈ മാസത്തിൽ 10 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആകെ 12 അവയവമാറ്റ ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിലെ വിദഗ്ധസംഘം നടത്തിയിരിക്കുന്നത്. 10 വൃക്കമാറ്റ ശസ്ത്രക്രിയകളിൽ ഏഴ് രോഗികളും ഖത്തരികളാണ്. ഇതിൽ മൂന്നുപേർക്ക് അവരുടെ ബന്ധുക്കൾതന്നെയാണ് വൃക്കകൾ നൽകിയിരിക്കുന്നത്. മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്നാണ് രണ്ടുപേർക്ക് വൃക്ക നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി വൃക്കകൾ സ്വീകരിച്ചവരെ സന്ദർശിച്ചു. ശസ്ത്രക്രിയസംഘത്തെ മന്ത്രി അഭിനന്ദിച്ചു. വൃക്കകൾ നൽകിയവർ ചെയ്തത് ഏറെ പുണ്യകരമായ പ്രവൃത്തിയാണെന്നും മന്ത്രി പറഞ്ഞു.
ഖത്തറിൻെറ അവയവദാന-കൈമാറ്റ പദ്ധതി ഏറെ മാതൃകാപരമാണ്. ഏകീകൃത രജിസ്ട്രി രാജ്യത്തിനുണ്ട്. 2012ലാണ് ഖത്തർ ഓർഗൻ ഡോണർ രജിസ്ട്രി തുടങ്ങിയത്. ഇതിലൂടെ എത്ര രോഗികൾ ശസ്ത്രക്രിയ കാത്തുകഴിയുന്നുണ്ടെന്നും എത്രപേർ അവയവ കൈമാറ്റത്തിന് സന്നദ്ധരാണെന്നും അറിയാം. ഇവരുടെ പൂർണവിവിരങ്ങൾ ഡയറക്ടറിയിലുണ്ട്. പല രാജ്യങ്ങളും ഖത്തറിൻെറ മാതൃക പിൻപറ്റുകയാണെന്നും മന്ത്രി പറഞ്ഞു.
1986ലാണ് ഖത്തർ സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ (ക്യൂ.സി.ഒ.ടി) ആരംഭിച്ചത്. തുടക്കംമുതൽതെന്ന കൂട്ടായ കഠിനപരിശ്രമത്തിലൂെട രോഗികൾക്കും ദാതാക്കൾക്കും ബന്ധുക്കൾക്കും മികച്ച പരിരക്ഷ നൽകാൻ സാധിക്കുന്നുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. ഏറ്റവും മികച്ച പരിശീലനം ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ളവരുടെയടക്കം മികച്ച ആരോഗ്യസംഘമാണ് പദ്ധതിക്ക് കീഴിൽ ഖത്തറിൽ പ്രവർത്തിക്കുന്നത്. ഉന്നതഗുണനിലവാരമാണ് അവയവമാറ്റ ശസ്ത്രക്രിയകളിൽ അവലംബിക്കുന്നതെന്ന് എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
2012ലാണ് ഖത്തർ ഓർഗൻ ഡോണർ രജിസ്ട്രി തുടങ്ങുന്നത്. ഇതിനകം 4,40,000ത്തിൽ അധികം പേർ അവയവദാനത്തിന് സന്നദ്ധരായി ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ വൻകിട സൗകര്യങ്ങളുടെ ഫലമായി അവയവദാനം, അവയവം മാറ്റിവെക്കൽ എന്നിവക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണം 85 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് എച്ച്.എം.സിയുടെ കണക്കുകൾ പറയുന്നു. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ മെഡിസിൻ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയിലും അവയവമാറ്റ ശസ്ത്രക്രിയകൾ മുന്നോട്ട്
കോവിഡ് പ്രതിസന്ധികൾക്കിടയിലും എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് മികച്ച സേവനമാണ് അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് നൽകുന്നത്. 2019ൽ 31 കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഒമ്പത് കരൾമാറ്റ ശസ്ത്രക്രിയകളും നടത്തി. രാജ്യത്തെ ജനസംഖ്യയും സാമൂഹിക–സാംസ്കാരിക ഘടകങ്ങളും പരിഗണിക്കുേമ്പാൾ ഇത് ഏറെ വിജയമാണ്.
കോവിഡ് സാഹചര്യം വന്നതിനാൽ 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിരുന്നില്ല. എന്നാൽ, 2020 നവംബറിലും ഡിസംബറിലുമായി നാലു ശസ്ത്രക്രിയകൾ നടത്തി. നിലവിൽ രാജ്യത്ത് കിഡ്നി രോഗമുള്ള 1500 പേർ ഡയാലിസിസ് നടത്തുന്നവരാണ്. ഇതിൽ 75 പേർ കിഡ്നി മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്. ഇവർ എല്ലാവരും ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചവരാണ്.
കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി 10 പേരാണ് കാത്തിരിക്കുന്നത്. എച്ച്.എം.സിക്ക് 30 വർഷത്തിൽ അധികമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് പരിചയമുണ്ട്. സിദ്റ മെഡിസിനുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സിദ്റ മെഡിസിനിൽ ലഭ്യമാണ്. ജീവിച്ചിരിക്കുന്നവരിൽനിന്നും അല്ലാത്തവരിൽനിന്നും അവയവം വേർപെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.