സ്റ്റാർസ് ലീഗിന് കിക്കോഫ്; അൽ സദ്ദിന് തോൽവി; ആറാടി അൽ ദുഹൈൽ
text_fieldsഖത്തർ സ്റ്റാർസ് ലീഗിലെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ അൽ ദുഹൈലിന്റെ മൈകൽ ഒലുംഗ സഹതാരത്തിനൊപ്പം ഗോൾ ആഘോഷത്തിൽ
ദോഹ: വെള്ളിയാഴ്ച കിക്കോഫ് കുറിച്ച ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാൾ സീസണിലെ ആദ്യ റൗണ്ടിൽ മിന്നും ജയങ്ങളുമായി ക്ലബുകളുടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദിന് ആദ്യ അങ്കത്തിൽ തോൽവി പിണഞ്ഞപ്പോൾ, അൽ റയ്യാനും അൽ ദുഹൈലും തകർപ്പൻ ജയങ്ങളോടെ ഗംഭീരമാക്കി.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ അൽ റയ്യാൻ 3-1ന് ഉംസലാൽ എഫ്.സിയെ വീഴ്ത്തിയാണ് സീസണിന് തുടക്കം കുറിച്ചത്. മുൻ ചാമ്പ്യന്മാരായ അൽ ദുഹൈൽ 6-1ന് ഖത്തർ എസ്.സിയെയും വീഴ്ത്തി. മൈകൽ ഒലുംഗയുടെ ഹാട്രിക്കും ഇസ്മായിൽ മുഹമ്മദിന്റെ ഇരട്ട ഗോളുമാണ് ദുഹൈലിന് ആറ് ഗോൾ ജയം നൽകിയത്.
ചാമ്പ്യൻ ക്ലബായ അൽ സദ്ദിനെ അൽ ഷമാൽ 2-1നാണ് തോൽപിച്ചത്. അൽജീരിയൻ താരം ബഗ്ദാദ് ബൗനെ രണ്ട് ഗോൾ നേടി ഷമാലിന് വിജയമൊരുക്കി. മറ്റു മത്സരങ്ങളിൽ അൽ റയാൻ 3-1ന് ഉംസലാലിനെ തോൽപിച്ചു. അൽ ഖോർ-അൽ ഗറാഫ (0-0) മത്സരവും അൽ വക്റ -അൽ അഹ്ലി (2-2) മത്സരങ്ങളും സമനിലയിൽ പിരിഞ്ഞു. രണ്ടാം റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെയായി നടക്കും.

