ഫിറോസ് ബാബു മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന് കിക്കോഫ്
text_fieldsയൂത്ത് വിങ് മലപ്പുറം സംഘടിപ്പിച്ച ഫിറോസ് ബാബു മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ
ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി യൂത്ത് വിങ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന് ദോഹ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലയിലെ 15 മണ്ഡലം ടീമുകൾ മാറ്റുരച്ച ആവേശകരമായ ഫുട്ബാൾ മത്സരം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഡോ. കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ആനക്കയം പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും മലപ്പുറം മുനിസിപ്പൽ കമ്മിറ്റി സ്പോൺസർചെയ്ത റണ്ണേഴ്സ് ട്രോഫിയും യൂത്ത് വിങ് ഭാരവാഹികൾ ഏറ്റുവാങ്ങി.
കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മെഹബൂബ് നാലകത്ത്, ജില്ല ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ചെയർമാൻ ശാക്കിർ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ സ്വാഗതവും ടൂർണമെൻറ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഫാസിൽ നെച്ചിയിൽ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന മത്സരങ്ങളിൽ പ്രീക്വാർട്ടർ ഫൈനൽ, ക്വാർട്ടർ ഫൈനൽ എന്നിവ വരെയുള്ള കളികൾ പൂർത്തിയാക്കി.
കോട്ടക്കൽ, പൊന്നാനി പെരിന്തൽമണ്ണ, കൊണ്ടോട്ടി ടീമുകൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ പെരിന്തൽമണ്ണ കൊണ്ടോട്ടിയെയും കോട്ടക്കൽ പൊന്നാനിയെയും നേരിടും

