ഖിഫ് സൂപ്പർ കപ്പ്: കെ.എം.സി.സി കോഴിക്കോടിന് ജയം
text_fieldsമീഡിയ വൺ ഖിഫ് സൂപ്പർ കപ്പിൽ വെള്ളിയാഴ്ച രാത്രി നടന്ന വയനാട് കൂട്ടം - ട്രാവൻകൂർ എഫ്.സി മത്സരത്തിൽ നിന്ന്
ദോഹ: മീഡിയ വൺ ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ വ്യാഴാഴ്ച രാത്രി നടന്ന രണ്ടാം അങ്കത്തിൽ കോഴിക്കോട് കെ.എം.സി.സി ടീമിന് ജയം. കോഴിക്കോടൻ ടീമുകളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ മാക് കോഴിക്കോടിനെതിരെ 2-0ത്തിനായിരുന്നു കെ.എം.സി.സി ടീമിന്റെ വിജയം. മാക്കിനെതിരെ ജസീമും ആഷിഫും കെ.എം.സി.സിയുടെ ഗോളുകൾ നേടി. കളിയുടെ ആദ്യ പകുതിയിൽ തന്നെ മാക്കിനും കെ.എം.സി.സിക്കും ഓരോ താരങ്ങളെ ചുവപ്പ് കാർഡിലൂടെ നഷ്ടമായിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന ആദ്യ മത്സരത്തിൽ വയനാട് കൂട്ടം-ട്രാവൻകൂർ എഫ്.സി ടീം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തുല്യശക്തികൾ തമ്മിലെ മത്സരത്തിൽ വയനാടിനായി മുഹമ്മദ് ഷംനൂറും, ട്രാവൻകൂർ എഫ്.സിക്കായി മുഹമ്മദ് ഷാനും ഗോൾ നേടി.
വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ അനക്സ് പാലക്കാട് - യുനൈറ്റഡ് എറണാകുളം മത്സരം 2-2 ന് സമനിലയിൽ പിരിയുകയായിരുന്നു. എറണാകുളത്തിന് വേണ്ടി സുബി വർഗീസ്, ആകാശ് എന്നിവരും, പാലക്കാടിനു വേണ്ടി മുബശ്ശിർ, മുസമ്മിൽ എന്നിവരും ഗോൾ നേടി.

