ഖിഫ് ഫുട്ബാൾ: ഇനി നോക്കൗട്ട് അങ്കങ്ങൾ
text_fieldsടി.ജെ.എസ്.വി തൃശൂർ- യുനൈറ്റഡ് എറണാകുളം മത്സരത്തിൽനിന്ന്
ദോഹ: ഖത്തറിലെ കാൽപന്തു പ്രേമികൾക്ക് ആവേശകരമായ പോരാട്ടങ്ങൾ സമ്മാനിച്ച് ഖിഫ് അന്തർ ജില്ല ഫുട്ബാൾ ടൂർണമെന്റ് നോക്കൗട്ട് റൗണ്ടിലേക്ക്. മൂന്നാഴ്ച പിന്നിട്ട ടൂർണമെന്റിൽ ഗ്രൂപ്പ് ‘ബി’യിൽനിന്നും തൃശൂർ ജില്ല സൗഹൃദ വേദി ഒന്നാം സ്ഥാനക്കാരായി.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ ടി.ജെ.എസ്.വി മറുപടിയില്ലാത്ത നാല് ഗോളിന് യുനൈറ്റഡ് എറണാകുളത്തെ തോൽപിച്ചു. തൃശൂരിന് വേണ്ടി മൗസിഫ് മൂന്ന് ഗോൾ നേടി ടൂർണമെന്റിലെ ആദ്യ ഹാട്രിക്കിന് അവകാശിയായി.
ആന്റണി പൗലോസിന്റെ വകയായിരുന്നു നാലാമത്തെ ഗോൾ.
മറ്റൊരു കളിയിൽ, ഫ്രണ്ട്സ് ഓഫ് കോഴിക്കോട് 2-0ത്തിന് ദിവ കാസർകോടിനെ തോൽപിച്ചു. ഫൈസലിന്റെ ഇരട്ട ഗോളാണ് ടീമിന് വിജയമൊരുക്കിയത്. ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരവും ജയിച്ച ടി.ജെ.എസ്.വി ഒമ്പത് പോയന്റുമായി ഒന്നാം സ്ഥാനക്കാരായി. ഫോക് കോഴിക്കോട് രണ്ടും, യുനൈറ്റഡ് എറണാകുളം മൂന്നും, ദിവാ കാസർകോട് നാലാം സ്ഥാനത്തുമാണ്.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന ‘ഗ്രൂപ്പ് എ’യിലെ ആദ്യ മത്സരത്തിൽ കെ.എം.സി.സി കണ്ണൂർ 2-1ന് വയനാട് കൂട്ടം ടീമിനെ തോൽപിച്ചു.
അനുരാഗ്, മിസ്നദ് എന്നിവർ കണ്ണൂരിനായി സ്കോർ ചെയ്തു. ഷാഹിലിന്റെ വകയായിരുന്നു വയനാടിന്റെ ഗോൾ പിറന്നത്. ലീഗ് റൗണ്ടിൽ മത്സരിച്ച എട്ടു ടീമുകളും നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടും. നവംബർ 30നും ഡിസംബർ ഒന്നിനുമായാണ് നോക്കൗട്ടിൽ കളി നടക്കുന്നത്.
ഖിഫ് അന്തർ ജില്ല ഫുട്ബാളിൽ കെ.എം.സി.സി കണ്ണൂർ- വയനാട് കൂട്ടം മത്സരത്തിൽനിന്ന്

