‘ഖിഫ്’ ഫുട്ബാൾ: ഇന്നുമുതൽ നോക്കൗട്ട് അങ്കങ്ങൾ
text_fieldsദോഹ: ഫുട്ബാൾ പ്രേമികൾക്ക് ആവേശപ്പൂരമായി തുടരുന്ന ‘ഖിഫ്’ അന്തർജില്ല പോരാട്ടങ്ങൾക്ക് ഇനി നോക്കൗട്ടിന്റെ മുറുക്കം. ലീഗ് മത്സരങ്ങൾ കഴിഞ്ഞയാഴ്ച അവസാനിച്ചതിന് പിന്നാലെ വ്യാഴാഴ്ച മുതൽ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം 7.30ന് ആദ്യ മത്സരത്തിൽ ‘എ’ ഗ്രൂപ് ചാമ്പ്യന്മാരായ കെ.എം.സി.സി മലപ്പുറം, ദിവ കാസർകോടിനെ നേരിടും.
രാത്രി 9.10ന് രണ്ടാം ക്വാർട്ടർ ഫൈനലിൽ ഫോക് കോഴിക്കോട്-കെ.എം.സി.സി കണ്ണൂരിനെ നേരിടും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മൂന്നാം ക്വാർട്ടർ ഫൈനലിൽ ‘ബി’ ഗ്രൂപ് ചാമ്പ്യന്മാരായ ടി.ജെ.എസ്.വി തൃശൂർ, വയനാട് കൂട്ടത്തെ നേരിടും. രാത്രി 8.10ന് കെ.എം.സി.സി പാലക്കാടും യുനൈറ്റഡ് എറണാകുളവും തമ്മിലാണ് മത്സരം. നാല് കളികളിൽ നിന്നുള്ള വിജയികൾ ഡിസംബർ ഏഴ്, എട്ട് തീയതികളിൽ സെമി മത്സരങ്ങളിൽ ഏറ്റുമുട്ടും. 15നാണ് കലാശപ്പോരാട്ടം.

