ഖിയാഫ് -ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം
text_fieldsഖിയാഫ് -ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം സ്വാഗത സംഘം ചെയര്മാന് ഷറഫ് പി. ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്ന് നിർവഹിക്കുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള ഖിയാഫ്- ഡി.എല്‍.എഫ് 2025ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 എഫ്.എം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് ഷറഫ് പി. ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്. ഡിസംബര്‍ 4, 5 തീയതികളിലായി അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന മേളയില്‍ സാഹിത്യ ശില്പശാല സെഷനുകൾ, വിദ്യാർഥികള്‍ക്കുള്ള പ്രത്യേക സെഷന്, സാംസ്കാരിക സമ്മേളനം, ഗസൽ-ഖവാലി സായാഹ്നം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ, പുസ്തകപ്രകാശനം, പുസ്തകപ്രദര്ശനം, വിവിധ സ്റ്റാളുകള്‍ എന്നിവയും മേളയുടെ ഭാഗമായിരിക്കും.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രഫ. കെ. സച്ചിദാനന്ദന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരും പരിശീലകരുമായ ഡോ. അശോക് ഡിക്രൂസ്, കെ.ടി. സൂപ്പി, ഷീലാ ടോമി എന്നിവർ ശില്പശാലയിലെ വിവിധ സെഷനുകൾ കൈകാര്യംചെയ്യും.
പോസ്റ്റർ പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് ഡോ. കെ.സി. സാബു ആമുഖഭാഷണം നടത്തി. ഡി.എല്‍.എഫ് ജനറൽ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി സാഹിത്യമേളയുടെ ഉള്ളടക്കം വിശദീകരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി മജീദ് പുതുപ്പറമ്പ് മേളയിലേക്കുള്ള രജിസ്ട്രേഷൻ രീതികള്‍ വിവരിച്ചു.
ഖിയാഫ് വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, സംഘാടക സമിതി അംഗങ്ങളായ അൻവർ ബാബു, ഷംല ജഹ്ഫര്‍ എന്നിവർ സംസാരിച്ചു. ട്രഷറർ അൻസാർ അരിമ്പ്ര, അസിസ്റ്റന്റ് കൺവീനർ മുരളി വാളൂരാൻ സംബന്ധിച്ചു. ആര്.ജെ പാര്‍വതി ചടങ്ങ് നിയന്ത്രിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് qiafdlf2025@gmail.comലോ 3332 4499, 5039 0307 ലോ ബന്ധപ്പെട്ട് ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

