ഖിയാഫ്-ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റ് 2025: ഒരുക്കം പൂർത്തിയായി
text_fieldsഖിയാഫ്- ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ദോഹയിലെ കലാ -സാഹിത്യാസ്വാദകരെയും സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവത്തിന് വ്യാഴാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂൾ അൽ ഖമർ ഹാളിൽ തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ പ്രഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സാഹിത്യാധ്യാപകനും ഭാഷാവിദഗ്ധനുമായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി. സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ഷീല ടോമി എന്നിവരും ഫെസ്റ്റിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗായകസംഘമായ സമീർ ബിൻസി, ഇമാം മജ്ബൂർ ടീമിന്റെ ലൈവ് സംഗീതസായാഹ്നവും അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച് വെള്ളി രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. കല -ജീവിതം -സമൂഹം, രചനയുടെ രസതന്ത്രം, എഴുത്തിലെ പുതിയ സങ്കേതങ്ങൾ, പരീക്ഷണങ്ങൾ എന്നീ ശിൽപശാലാ സെഷനുകളാണ് വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച എഴുത്തുകാരുമായുള്ള മുഖാമുഖം, കവിതയുടെ മണ്ണും ആകാശവും, എഴുത്തുകാരന്റെ പണിപ്പുര, പുതിയകാല ഭാഷ -സാഹിത്യം -നവമാധ്യമങ്ങൾ -സാധ്യതകൾ എന്നീ സെഷനുകളും ഉണ്ടായിരിക്കും. ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ അവസാനിക്കുന്ന സാഹിത്യ ശിൽപശാല സെഷനുകൾക്ക് ശേഷമാവും പൊതുസമ്മേളനവും സമീർ ബിൻസി- ഇമാം മജ്ബൂർ സംഘം നയിക്കുന്ന സംഗീതസായാഹ്നവും നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഖിയാഫ് സോഷ്യൽ മീഡിയ പേജ് സന്ദർശിച്ച് ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
തുമാമ അൽ സാജ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ്, സാഹിത്യാധ്യാപകനും ഭാഷാവിദഗ്ധനുമായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി. സൂപ്പി, ഖിയാഫ് പ്രസിഡന്റ് ഡോ. സാബു.കെ.സി, വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, ഖിയാഫ് ട്രഷറർ അൻസാർ അരിമ്പ്ര, ഖിയാഫ് ജന. സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റ് ജനറൽ കൺവീനർ തൻസീം കുറ്റ്യാടി, ഷംന ആസ്മി എന്നിവർ പങ്കെടുത്തു.
നിലപടിന്റെ പേരിൽ പുരസ്കാരങ്ങൾ നിരസിച്ചവർ പോലും മൗനത്തിൽ -കെ.ഇ.എൻ
ദോഹ: എഴുതുമ്പോഴും പറയുമ്പോഴും സ്വയം സെൻസർ ചെയ്യാൻ ആളുകൾ നിർബന്ധിക്കപ്പെടുന്നതായി എഴുത്തുകാരനായും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. 2015 കാലഘട്ടങ്ങളിൽ നിലപടിന്റെ പേരിൽ പുരസ്കാരങ്ങൾ നിരസിച്ചവർപോലും ഇന്ന് മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അവർ പക്ഷം മാറിയത് കൊണ്ടല്ല, സ്വയംനിയന്ത്രിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസങ്ങളിലായി ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദോഹ ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ കെ.ഇ.എൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എഴുത്ത് ഒരു സംസ്കരിക വ്യവസായമായി മാറി. ഉപേക്ഷിക്കപ്പെടുന്നവരുടെ ഉയിർത്തെഴുന്നേൽപ് സ്വപ്നം കാണാൻ സാധിക്കണം. എന്നാൽ, ആ പക്ഷത്ത് ഉറച്ചു നിൽക്കാൻ സാധിക്കാത്ത രീതിയിൽ നമ്മുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മാറി. ലോകവ്യാപകമായി വലതുപക്ഷ ആശയം കരുത്താർജിക്കുന്നു. ജനായത്വം വലിയ ജാഗ്രത പുലർത്തേണ്ട കാലമാണിത്. എന്നാൽ, ഇന്ന് പലർക്കും ആ ജാഗ്രതക്ക് ആവശ്യമായ ആശയപരമായ കരുത്ത് കുറയുന്നതായും കെ.ഇ.എൻ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

