‘ഖേൽ മഹോത്സവ്’: കായിക മഹാമേളയുമായി ഇന്ത്യൻ സ്പോർട്സ് സെന്റർ
text_fieldsഇന്ത്യൻ സ്പോർട്സ് സെന്റർ ഖേൽമഹോത്സവ് സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ
പ്രദീപ് പിള്ള, മിബുജോസ്, ഇ.പി. അബ്ദുൽറഹ്മാൻ, നിഹാദ് അലി, പർവിന്ദർ ബുർജി എന്നിവർ
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നാലു മാസം നീണ്ടുനിൽക്കുന്ന കളിയുത്സവവുമായി ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ ‘ഖേൽ മഹോത്സവ് 2024’ വരുന്നു. ടീം ഇനങ്ങളിലും വ്യക്തിഗത വിഭാഗങ്ങളിലുമായി മാറ്റുരക്കാവുന്ന 10 കായിക ചാമ്പ്യൻഷിപ്പുകളാണ് നാലു മാസം നീണ്ടുനിൽക്കുന്ന ‘ഖേൽ മഹോത്സവ’ത്തിൽ അരങ്ങേറുന്നതെന്ന് ഐ.എസ്.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 20ന് ആരംഭിക്കുന്ന അണ്ടർ 17 ഫുട്ബാൾ ചാമ്പ്യൻഷിപ്പോടെ കായികോത്സവത്തിന് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ അറിയിച്ചു. മെഷാഫിലെ ജെംസ് അക്കാദമിയിലാണ് 16 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരങ്ങൾ അരങ്ങേറുന്നത്. തുടർന്ന് സെപ്റ്റംബർ അവസാന വാരത്തിൽ വനിതകൾക്കായി ബോക്സ് ക്രിക്കറ്റ് ആരംഭിക്കും.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന് ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂൾ വേദിയാകും. ഒക്ടോബർ എട്ടിന് ഐ.എസ്.സിയുടെ ശ്രദ്ധേയമായ ഇന്ത്യ ഓപൺ കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും.
ഇ-സ്പോർട്സ് പ്രേമികൾക്കായി ഇ-ഗെയിം മത്സരങ്ങളും ഒക്ടോബറിൽ നടക്കും. തുടർന്ന് ബാസ്കറ്റ്ബാൾ, കബഡി, മാസ്റ്റേഴ്സ് അത്ലറ്റിക്സ്, വനിതകൾക്കായുള്ള ത്രോബാൾ, നീന്തൽ ഉൾപ്പെടെ 10 ചാമ്പ്യൻഷിപ്പുകൾ ഖേൽ മഹോത്സവിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.
യുവതലമുറക്ക് കൂടുതൽ മികച്ച മത്സരങ്ങൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് അണ്ടർ 17 വിഭാഗത്തിലെ സെവൻസ് ഫുട്ബാളിന് ഐ.എസ്.സി ആദ്യമായി വേദിയൊരുക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും കാഷ് പ്രൈസ് സമ്മാനമായി നൽകും.
ഐ.എസ്.സി വളന്റിയർ വിങ്ങും ടെക്നിക്കൽ സപ്പോർട്ട് ടീമും കഴിഞ്ഞ ദിവസം രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ വളന്റിയർ ലോഗോയും ടി ഷർട്ടും പുറത്തിറക്കി. ഐ.എസ്.സിയുടെ വിവിധ കായിക മത്സരങ്ങളുടെ സംഘാടനത്തിലും സാങ്കേതിക പിന്തുണയിലും വളന്റിയർ, ടെക്നിക്കൽ ടീം സജീവമായുണ്ടാകും.
വാർത്തസമ്മേളനത്തിൽ ഇ.പി. അബ്ദുൽറഹ്മാൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ‘ഖേൽ മഹോത്സവ്’ സംഘാടകസമിതി ചെയർമാൻ മിബു ജോസ്, മാനേജിങ് കമ്മിറ്റി അംഗം പർവിന്ദർ ബുർജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

