ദോഹ: കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്കുള്ള താൽകാലിക നിരോധം നീങ്ങിയതോടെ ഖത്തർ വിപണി വീണ്ടും ഉണർന്നു. നിരോധം മൂലം ഉണ്ടായ വിലക്കയറ്റവും നീങ്ങിത്തുടങ്ങിയതോടെ മൊത്തവ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി. ചൊവ്വാഴ്ച മുതൽ കേരളത്തിൽനിന്നുള്ള സാധനങ്ങൾ വീണ്ടും ഖത്തർ വിപണിയിൽ എത്തിത്തുടങ്ങി.
വെണ്ടക്ക, ചേന, ചേമ്പ്, അമരക്ക, വഴുതന, കൈപ്പക്ക, തേങ്ങ, ബീൻസ്, ചെറിയഉള്ളി, ചിരങ്ങ തുടങ്ങിയ പച്ചക്കറികളും പപ്പായ, പൈനാപ്പിൾ, ചെറുപഴം, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയ പഴങ്ങളുമാണ് കേരളത്തിൽ നിന്ന് ഖത്തറിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത്. നിരോധം വന്നതോടെ വൻവിലക്കയറ്റവും ഉണ്ടായിരുന്നു. ഖത്തറിലെ പഴം–പച്ചക്കറി വ്യാപാരികളിൽ 95ശതമാനവും മലയാളികളാണ്. ബാക്കിയുള്ളത് ബംഗ്ലാദേശുകാരുമാണ്.
മേയ് അവസാനത്തിലാണ് കേരളത്തിലെ നിപ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും പഴങ്ങൾക്കും ഖത്തർ ആരോഗ്യന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്.
രോഗം പൂർണമായി നിയന്ത്രണവിധേയമായി എന്ന ലോകാരോഗ്യസംഘടനയുടേതടക്കം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് വിലക്ക് പൂർണമായി പിൻവലിച്ചത്.
പച്ചക്കറികളും പഴങ്ങളും കേരളത്തിൽ നിന്ന് എത്തിതുടങ്ങിയതോടെ മൊത്തമാർക്കറ്റുകളിൽ വില കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.
കഴിഞ്ഞയാഴ്ച ആറ് കിലോയുള്ള പെട്ടി തക്കാളിക്ക് 80 റിയാൽ ആയിരുന്നു മൊത്ത വില. ചില്ലറ വിൽപന വില കിലോഗ്രാമിന് 16 റിയാലും. ഇപ്പോൾ ഇത് പെട്ടിക്ക് 35 റിയാലും കിലോക്ക് അഞ്ച് റിയാലും ആയി കുറഞ്ഞിട്ടുണ്ട്. കക്കരിക്ക് 70 റിയാൽ ആയിരുന്നു പെട്ടിവില. കിലോക്ക് എട്ട് റിയാലും.
ഇപ്പോൾ 35 റിയാലും അഞ്ച് റിയാലുമായി കുറഞ്ഞു. എന്നാൽ വിലക്കയറ്റം ഉണ്ടാകുേമ്പാഴും ഉപഭോക്താക്കൾക്ക് നിശ്ചിത വിലയിൽ തന്നെ സാധനങ്ങൾ നൽകണമെന്ന് സർക്കാർ നിർദേശമുണ്ട്.
ഇതിനാൽ സമാനസന്ദർഭങ്ങളിൽ തങ്ങൾക്ക് പലപ്പോഴും നഷ്ടമുണ്ടാകുകയാണെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, സ്വദേശികൾക്ക് ഏറെ പ്രിയമായിരുന്ന ആഫ്രിക്കൻ ചെറുനാരങ്ങ ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. ഇതും ഇന്ത്യക്ക് നേട്ടമായി. ഇന്ത്യയിൽ നിന്നും ബ്രസീലിൽനിന്നുമുള്ള ചെറുനാരങ്ങയാണ് ഇപ്പോൾ കിട്ടാനുള്ളത്.
ഇന്ത്യൻ ചെറുനാരങ്ങക്ക് 10 കിലോ പെട്ടിക്ക് 85 റിയാൽ ആണ് വില. കിലോ വില 10ഉം. ആഫ്രിക്കൻ ചെറുനാരങ്ങ 16 കിലോയുള്ള പെട്ടിക്ക് 200 റിയാലും കിലോക്ക് 12ഉം ആണ് വില.