ഇന്ത്യക്കെതിരായ അങ്കത്തിന് തഹ്സീനും; ഖത്തർ ദേശീയ ടീമിൽ മലയാളി താരം
text_fieldsദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ്. ഖത്തർ യൂത്ത് ടീമുകളിലും, സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈൽ സീനിയർടീമിലും ഇടം പിടിച്ചതിനു പിന്നാലെയാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിൻെറ ദേശീയ സീനിയർ ടീമിൽ നിന്നും വിളിയെത്തുന്നത്. ജൂൺ ആറിന് അഫ്ഗാനിസ്താനും, ജൂൺ 11ന് ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള 29 അംഗ ദേശീയ ടീമിലാണ് ഇടം. ഇതാദ്യമായാണ് ഒരു മലയാളി ഫുട്ബാളർ മറ്റൊരു രാജ്യത്തിൻെറ ദേശീയ ടീമിൽ ഇടം നേടുന്നത്.
ഖത്തർ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനവുമായി ശ്രദ്ധേയനായിരിക്കെയൊണ് രണ്ടു മാസം മുമ്പ് അൽ ദുഹൈൽ ക്ലബിൻെറ സീനിയർ ടീമിലേക്ക് തഹ്സിന് വിളിയെത്തുന്നത്. മുൻ ബ്രസീൽ താരം ഫിലിപ് കുടീന്യോയും ഖത്തറിൻെറ സൂപ്പർതാരം അൽ മുഈസ് അലിയുമെല്ലാം മത്സരിക്കുന്ന ടീമിൽ പതിവു സാന്നിധ്യമായിമാറിയതിനു പിന്നാലെ 17കാരനെ തേടി ദേശീയ ടീമിൽ നിന്നു വിളിയുമെത്തി.
ഖത്തറിൽ തൊഴിൽ തേടിയെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദിന്‍റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ് ജംഷിദ്. ഖത്തറിൽ ജനിച്ചു വളർന്നതോെട ഫിഫ നിയമ പ്രകാരം ഖത്തർ ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യതയായി. ആസ്പയർ സ്പോർട്സ് അകാദമിയിൽ വളർന്ന തഹ്സിൻ നിലവിൽ 12ാംക്ലാസ് വിദ്യാർഥിയാണ്.
ജൂൺ 11ന് ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സഹൽ അബ്ദുസമദും രാഹുൽ ഭെകെയും ഉൾപ്പെടെയുള്ള സംഘം നീലക്കുപ്പായമണിയുേമ്പാൾ മറുനിരയിൽ അന്നാബിയുടെ മറൂൺ കുപ്പായത്തിൽ ഒരു മലയാളിയെ കൂടി കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

