കെനിയയിലെ വാഹനാപകടം: മരിച്ചത് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ, ആരെയും തിരിച്ചറിഞ്ഞിട്ടില്ല
text_fieldsദോഹ: ഖത്തറിൽ നിന്നും കെനിയയിലെത്തിയ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചതായി സൂചന. എന്നാൽ, ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കെനിയൻ തലസ്ഥാനമായ നയ്റോബിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിൽ നിന്നുള്ള ജോയൽ, മകൻ ട്രാവിസ് എന്നിവരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയലിൻെറ ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും പരിക്കുണ്ട്. എന്നാൽ ഇവരുടെ പരിക്കിൻെറ ഗുരുതരവസ്ഥയെക്കുറിച്ചോ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ വിവരം ലഭ്യമല്ല.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു. ഭാര്യ ജെസ്ന കുറ്റിക്കാട്ട്ചാലിൽ, മകൾ റൂഹി മെഹറിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റുവെങ്കിലും അവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ പരിക്കിൻെറ ഗുരുതരാവസ്ഥയെ കുറിച്ചോ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ ഖത്തറിൽ നിന്നുള്ള 28 പേരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറിൽ നിന്നും ട്രാവൽ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. നയ്റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ് അപകടം നടന്നത്. അപകടത്തിൽ ആറുപേർ മരിച്ചതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. മരണപ്പെട്ടവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ വെച്ച് നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിൻെറ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദയാത്രാ സംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയിൽ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

