നൊമ്പരമായി രണ്ട് കുടുംബ ചിത്രങ്ങൾ
text_fieldsജോയൽ, മകൻ ട്രാവിസ്, അപകടത്തിൽ മരിച്ച ഭാര്യ റിയ ആൻ, മകൾ ടൈറ എന്നിവർ
ദോഹ: സന്തോഷങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ഒരുപാട് സ്നേഹമുഹൂർത്തങ്ങൾ നിറഞ്ഞ കുടുംബ ചിത്രങ്ങൾ പകർത്തിയൊരു യാത്ര ശുഭകരമായി അവസാനിക്കും മുമ്പേ പൊലിഞ്ഞുപോയി. ഖത്തറിൽനിന്നുള്ള യാത്രാസംഘം കെനിയയിൽ അപകടത്തിൽപെട്ട ദുരന്തവാർത്തയുടെ ഞെട്ടലിൽ പ്രവാസികളെ ഏറ്റവും നൊമ്പരപ്പെടുത്തുന്നതാണ് അമ്മയും മകളും നഷ്ടമായ രണ്ട് കുടുംബങ്ങളുടെ വേദനിപ്പിക്കുന്ന ചിത്രങ്ങൾ. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര വീട്ടിൽ റിയ ആനും (41), മകൾ ടൈറയും (എട്ട്), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിലും (30), ഏക മകൾ റൂഹി മെഹ്റിനും (ഒന്നര വയസ്സ്). രണ്ട് കുടുംബങ്ങളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും സ്നേഹനിധികളായ കുഞ്ഞുമക്കളും അവരുടെ അമ്മമാരും യാത്രയുടെ പാതിവഴിയിൽ പൊലിഞ്ഞുപോയതിന്റെ സങ്കടം ആർക്കും പറഞ്ഞുതീരുന്നില്ല.
കെനിയയിലേക്കുള്ള വിനോദയാത്രക്ക് നേതൃത്വം ദോഹയിലെ ട്രാവൽ ഏജൻസിയുടെ ജീവനക്കാരൻ ജോയൽ കോൺവെ ജോസഫിന്റെ ഭാര്യയാണ് റിയ ആൻ. കോയമ്പത്തൂർ സ്വദേശിയായ ജോയൽ, മകൻ ട്രാവിസ് നോയൽ എന്നിവർക്കൊപ്പമാണ് റിയ ആനും മകൾ എട്ടുവയസ്സുകാരി ടൈറയും കെനിയൻ ട്രിപ്പിന്റെ ഭാഗമായത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരിയാണ് പാലക്കാട് സ്വദേശിനിയാണിവർ. മകൾ ടൈറ ദോഹയിലെ ലയോള ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ട്രാവൽ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്തപ്പോൾ കെനിയൻ സംഘത്തിനൊപ്പമായിരുന്നു മാനേജറായ ജോയലിന്റെ ഡ്യൂട്ടി. യാത്രയിൽ ഭാര്യയെയും മക്കളെയും ഒപ്പം കൂട്ടി സന്തോഷത്തോടെയുള്ള യാത്രയാണ് ദുരന്തത്തിൽ അവസാനിച്ചത്. ജോയലിനും മൂത്തമകൻ ട്രാവിസിനും ചെറിയ പരിക്കുകളാണുള്ളത്. ഖത്തറൽതന്നെ പഠിച്ചുവളർന്ന മുന്ന എന്ന മുഹമ്മദ് ഹനീഫ, ഭാര്യ ജസ്നക്കും ഒന്നരവയസ്സുകാരിയായ മകൾ റൂഹി മെഹ്റിനുമൊപ്പമാണ് കെനിയയിലേക്ക് യാത്രപോയത്. ഖത്തറിൽ വലിയ സൗഹൃദ വലയത്തിനുടമകൂടിയാണ് മുന്ന. ബലിപെരുന്നാൾ ദിനത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസ അറിയിച്ചശേഷമായിരുന്നു ഇരുവരും കെനിയയിലേക്ക് പുറപ്പെട്ടത്. എന്നാൽ, തിങ്കളാഴ്ച രാത്രിയോടെതന്നെ ദോഹയിലെ സുഹൃത്തുകളും അടുത്ത ബന്ധുക്കളിലേക്കും അപകട വാർത്തയെത്തിയിരുന്നു. മുന്നയുടെ സഹോദരിയും ഖത്തർ എനർജിയിലെ ഉദ്യോഗസ്ഥയുമായ ഹെബയായിരുന്നു ബന്ധുകൂടിയായി ചാവക്കാട് പ്രവാസി അസോസിയേഷൻ ഭാരവാഹി കബീർ തെരുവത്തിനെ വാർത്ത അറിയിച്ചത്.
വൈകീട്ടോടെ ജസ്നയുടെയും കുഞ്ഞിന്റെയും മരണവാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഹെബയും ഭർത്താവും ഉടൻ കെനിയയിൽ എത്തിച്ചേർന്നശേഷമായിരുന്നു ഭാര്യയുടെ മരണവാർത്ത മുന്നയെ അറിയിച്ചത്.
ഖത്തറിൽ ഓഡിറ്റിങ് സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് മുന്ന. സി.എക്കാരിരയായ ഭാര്യ ജസ്നയും ജോലി ചെയ്യുന്നുണ്ട്. വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില് ഹനീഫയാണ് മുഹമ്മദിന്റെ പിതാവ്. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ടുചാലിൽ മക്കാറിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

