കെനിയ അപകടം; മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക്
text_fieldsദോഹ: കെനിയയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ശനിയാഴ്ച നൈറോബിയിൽനിന്ന് നാട്ടിലേക്ക് അയക്കും. ശനിയാഴ്ച വൈകുന്നേരം 6.10ന് നൈറോബിയിൽനിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിലാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത്. ഞായറാഴ്ച രാവിലെ 8.45ന് വിമാനം കൊച്ചിയിലെത്തും. പരിക്കേറ്റ കുടുംബാംഗങ്ങളും കെനിയയിലെത്തിയ ബന്ധുക്കളും മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
ഖത്തറിൽനിന്നുള്ള 28 അംഗ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തിങ്കളാഴ്ചയായിരുന്നു മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), എറണാകുളത്തുനിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവർ അപകടത്തിൽ മരിച്ചു.
റിയയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ജോയൽ കോൺവേ, മകൻ ട്രാവിസ് നോയൽ, ജസ്നയുടെ ഭർത്താവ് തൃശൂർ സ്വദേശി മുഹമ്മദ് ഹനീഫ് എന്ന മുന്ന, ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ ആബേൽ എന്നിവരും യാത്രാ സംഘത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരുടെ നില ഭേദമായതിനു പിന്നാലെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. നൈറോബിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് ശനിയാഴ്ച രാവിലെയോടെ ആശുപത്രി വിടാൻ കഴിയും. അപകടത്തിൽ പരിക്കേറ്റ ബിബിൻ ബാബു വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി. വെള്ളിയാഴ്ച അർധരാത്രിയോടെ ഇദ്ദേഹം ദോഹയിലെത്തി. 14 മലയാളികളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

