കളിയും പഠനവുമായി കതാറ വേനൽ ക്യാമ്പ്
text_fieldsകതാറ വേനൽ ക്യാമ്പിൽനിന്ന്
ദോഹ: കനത്ത ചൂടിനിടയിൽ വേനലവധിക്കാലം ആസ്വാദ്യകരമാക്കാൻ കതാറ ഒരുക്കുന്ന പഠന-വിനോദ ക്യാമ്പ് ശ്രദ്ധേയമാകുന്നു. ജൂലൈ 21ന് ആരംഭിച്ച് ആഗസ്റ്റ് ഏഴുവരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
വിവിധ വിഷയങ്ങളിലെ പ്രഭാഷണ പരിശീലനം, സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, കുട്ടികളുടെ സാമൂഹിക കഴിവുകൾ ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് ക്യാമ്പ്. പ്രായോഗിക വിദ്യാഭ്യാസവും ക്രിയാത്മകമായ സാമൂഹിക ഇടപെടലുകളും വളർത്തുന്നതോടൊപ്പം, കുട്ടികളുടെ ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കാനും ക്യാമ്പ് ലക്ഷ്യമിടുന്നു.
വിവിധ വിഷയങ്ങളിലെ വിദഗ്ധരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. അൽ ജസീറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവർ പങ്കുചേരുന്നു. വിവിധ കായിക മത്സരങ്ങൾ, നിർമാണങ്ങൾ എന്നിവക്കൊപ്പം ഖത്തറിന്റെ അൽ ഷഖാബ് കുതിരയോട്ട കേന്ദ്രത്തിലേക്ക് സന്ദർശനവും ഒരുക്കി.
ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കതാറയിലെ ബിൽഡിങ് 15ൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ് സമയം. നേരത്തേ നടന്ന രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകിയത്.

